
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എഐ എല്ലാ രോഗങ്ങളും ഇല്ലാതാക്കും: ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് സിഇഒ
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിതബുദ്ധി (എഐ) എല്ലാ രോഗങ്ങളേയും ഇല്ലാതാക്കുമെന്ന് ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സാബിസ് അവകാശപ്പെട്ടു. എഐ മോഡലുകള്‍ ത്വരിതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹസ്സാബിസ് പറഞ്ഞു. അവയ്ക്ക് രോഗത്തെ ഭേദപ്പെടുത്താന്‍ മാത്രമല്ല രോഗങ്ങളെയെല്ലാം അവസാനിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സിബിഎസിന്റെ 60 മിനിട്‌സ് എന്ന പരിപാടിയിലെ അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ സാങ്കേതികവിദ്യ മാറ്റിയെന്നും എങ്ങനെ എഐ അതിനെ കൂടുതല്‍ വിപ്ലവകരമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
'ഒരു മരുന്ന് മാത്രം വികസിപ്പിക്കാന്‍ പത്ത് വര്‍ഷങ്ങളും കോടിക്കണക്കിന് ഡോളറുകളും ആവശ്യമായിരുന്നു. നമുക്കത് ഏതാനും മാസങ്ങള്‍ അല്ലെങ്കില്‍ ഏതാനും ആഴ്ച്ചകളായി കുറയ്ക്കാന്‍ സാധിക്കും. ഇന്നത് അവിശ്വസനീയമായി തോന്നിയേക്കാം, എന്നാല്‍ പ്രോട്ടീന്‍ ഘടനകളെക്കുറിച്ചും ആളുകള്‍ കരുതിയിരുന്നത് അങ്ങനെയാണ്,' എഐ മനുഷ്യന്റെ ആരോഗ്യത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗങ്ങളുടെ ചികിത്സകള്‍ രൂപകല്‍പന ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രോട്ടീന്‍ ഘടനകളുടെ കാര്യത്തില്‍ എഐ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് അടുത്തിടെ ഹസ്സാബിസ് സംസാരിച്ചിരുന്നു. ഒരു വര്‍ഷം കൊണ്ട് 200 മില്ല്യണ്‍ പ്രോട്ടീന്‍ ഘടനകളെ എഐ നിര്‍ദ്ധാരണം ചെയ്തുവെന്ന് അദ്ദേഹം ലിങ്ക്ഡിന്‍ സിഇഒ റീഡ് ഹോഫ്മാനോട് പറഞ്ഞു. മനുഷ്യരുടെ പരിശ്രമത്തില്‍ ഒരു ബില്ല്യണ്‍ വര്‍ഷങ്ങള്‍ എടുത്ത് മാത്രം കൈവരിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.