TMJ
searchnav-menu
post-thumbnail

TMJ Daily

വ്യോമസേനാ തലവന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

04 May 2025   |   1 min Read
TMJ News Desk

വ്യോമസേനാ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

അതേസമയം, ചിനാബ് നദിയിലൂടെയുള്ള ജലമൊഴുക്ക് ഇന്ത്യ നിയന്ത്രിച്ചു തുടങ്ങി. ചിനാബ് നദിയിലെ ബഗലിഹാര്‍ ഡാമിലൂടെയുള്ള ജലമൊഴുക്കാണ് ഇന്ത്യ തടഞ്ഞത്. ഝലം നദിയിലെ കിഷന്‍ഗംഗ ഡാമും അടയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടും ഹൈഡ്രോഇലക്ട്രിക് പവര്‍ പ്രോജക്ടുകളാണ്.

മറ്റൊരു സംഭവ വികാസത്തില്‍ ഇന്ത്യ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റേയും മുന്‍ മന്ത്രി ബിലാവല്‍ ഭൂട്ടോയുടേയും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. കഴിഞ്ഞയാഴ്ച്ച ഇന്ത്യ പാക് മാധ്യമങ്ങളുടെ അടക്കം 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചിരുന്നു.

പാകിസ്താനുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നതിന് ഇടയില്‍ ഇന്ത്യന്‍ സൈന്യത്തിന് റഷ്യന്‍ നിര്‍മ്മിത ഇഗ്ല എസ് മിസൈലുകള്‍ ലഭിച്ചു. അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മിസൈലുകള്‍ ലഭിച്ചത്. ഇവ അതിര്‍ത്തിയില്‍ വിന്യസിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലെ ആയുധ നിര്‍മ്മാണ ശാലയിലെ ജീവനക്കാരുടെ അവധി റദ്ദാക്കി. രണ്ട് ദിവസത്തില്‍ അധികമുള്ള അവധികളാണ് റദ്ദാക്കിയത്. ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കുന്നതിനാണ് അവധികള്‍ റദ്ദാക്കിയതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അവിനാശ് ശങ്കര്‍ പറഞ്ഞു.


#Daily
Leave a comment