എയർ ഇന്ത്യ അപകടം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയെന്ന് പ്രാഥമിക റിപ്പോർട്ട്
അഹമ്മദാബാദിൽ AI171 വിമാനം അപകടത്തിലായതിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(AAIB). ശബ്ദ റെക്കോർഡിങ്ങുകൾ അടക്കമുള്ള റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. ഏകദേശം ഒരുമിച്ച് എഞ്ചിനിലേക്കുള്ള ഇന്ധനം വിച്ഛേദിക്കപ്പെട്ടു. ഇത് മൂലം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുമിച്ച് ഓഫായി വിമാനം താഴോട്ട് പതിക്കുകയായിരുന്നു. എഞ്ചിനിലേക്കുള്ള ഇന്ധനം വിച്ഛേദിക്കപ്പെട്ടത് മനസ്സിലാക്കിയ പൈലറ്റ്, സഹപൈലറ്റിനോട് എന്തുകൊണ്ടാണ് വിച്ഛേദിച്ചതെന്ന് ചോദിക്കുകയും, താൻ ചെയ്തതല്ലെന്ന മറുപടിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൂൺ 12നാണ് വിമാനാപകടമുണ്ടായത്.
പൈലറ്റുമാർക്കിടയിലെ ആശയക്കുഴപ്പവും അതേ സമയം ബോയിങ്ങിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രശ്നവും ഇല്ലാത്ത തരത്തിലുള്ള റിപ്പോർട്ടാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പുറത്ത് വന്നിട്ടുള്ളത്. എഞ്ചിനിലേക്കുള്ള ഇന്ധനം കണ്ട്രോൾ ചെയ്യുന്ന സ്വിച്ച് ഓഫ് ആയതാണ് എഞ്ചിൻ തകരാറിന് കാരണമെന്ന് പറയുമ്പോഴും, ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള കണ്ടെത്തലുകളോ നിഗമനങ്ങളോ റിപ്പോർട്ടിൽ ഇല്ല. ഒരു പൈലറ്റിന് അബദ്ധത്തിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ആക്കാൻ പറ്റില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വിദഗ്ധരുടെ അഭിപ്രായപ്രകാരം റിപ്പോർട്ടിൽ പറയുന്നത്, ഒരു സ്വിച്ച് ഓഫ് ആക്കിയ ശേഷം അടുത്ത സ്വിച്ച് ഓഫ് ആക്കാൻ വേണ്ട സമയം മാത്രമാണ് രണ്ട് സ്വിച്ചുകളും ഓഫ് ചെയ്യാൻ എടുത്തിരിക്കുന്നത് എന്നാണ്. വിമാനം പറന്നുയർന്നതിന് ശേഷമാണ് സ്വിച്ചുകൾ ഓഫ് ആയത്.
ജൂൺ 12ന് നടന്ന വിമാനാപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരും, താഴെയുണ്ടായിരുന്ന 19 പേരും കൊല്ലപ്പെട്ടു. താഴോട്ട് പതിച്ച വിമാനം അടുത്തുള്ള ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ച് കയറിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലെ ഗാട്വിക്കിലേക്ക് പറന്ന എയർ ഇന്ത്യയുടെ AI171 എന്ന ബോയിംഗ് B787-8 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്.


