
എയർ ഇന്ത്യ അപകടം: റോയിട്ടേഴ്‌സിനും, വാൾസ്ട്രീറ്റ് ജേർണലിനും വക്കീൽ നോട്ടീസ് അയച്ചു
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണ് 260 പേർ കൊല്ലപ്പെട്ട അപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ടുമായി ബന്ധപ്പെട്ട് വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകൾ നൽകിയെന്ന് ആരോപിച്ച്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (FIP) പ്രസിഡന്റ് ക്യാപ്റ്റൻ സി എസ് രൺധാവ വാൾസ്ട്രീറ്റ് ജേർണലിനെയും, റോയിട്ടേഴ്‌സിനെയും രൂക്ഷമായി വിമർശിച്ചു.
വാൾ സ്ട്രീറ്റ് ജേർണലിനും റോയിട്ടേഴ്‌സിനും എഫ്‌ഐപി ഔപചാരികമായി നോട്ടീസ് അയച്ചതിനെ തുടർന്നാണ് ക്യാപ്റ്റൻ രൺധാവയുടെ ശക്തമായ പരാമർശം. രണ്ട് മാധ്യമങ്ങളും ഔദ്യോഗികമായി ക്ഷമാപണം നടത്തണമെന്നും സംഘടന ശനിയാഴ്ച ആവശ്യപ്പെട്ടിട്ടു.
ഡബ്ല്യുഎസ്ജെയെയും, റോയിട്ടേഴ്‌സിനെയും ശക്തമായി വിമർശിച്ച രൺധാവ, പൊതുജനങ്ങളെ "തെറ്റിദ്ധരിപ്പിച്ചതിന്" അവരെ കുറ്റപ്പെടുത്തി. അവരുടെ റിപ്പോർട്ടുകൾ "വസ്തുതാപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതല്ല" എന്ന് ആരോപിച്ചു.
"പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ഞാൻ വാൾ സ്ട്രീറ്റ് ജേർണലിനെ പൂർണ്ണമായും കുറ്റപ്പെടുത്തും. അവർ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരുന്നു. അവർ അന്വേഷണ ഏജൻസിയാണോ? അവർ ലോകമെമ്പാടും ഈ മണ്ടത്തരങ്ങൾ വിളമ്പുകയാണ്. അവർ അന്വേഷണ ഏജൻസിയല്ല. പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കുന്ന ഏതെങ്കിലും വസ്തുതാപരമായ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതല്ല റിപ്പോർട്ടുകൾ", അദ്ദേഹം എഎൻഐയോട് പറഞ്ഞു.
എഎഐബി പ്രാഥമിക റിപ്പോർട്ടുകളെക്കുറിച്ചുള്ള അവരുടെ റിപ്പോർട്ടിംഗിന് വിശദീകരണം നൽകിക്കൊണ്ട് പത്രങ്ങളിൽ ഒരു പ്രസ്താവന നൽകാൻ ആവശ്യപ്പെട്ട് എഫ്ഐപി നിയമപരമായ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ക്യാപ്റ്റൻ രൺധാവ പറഞ്ഞു.
"ഞങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നു, കൂടാതെ വാൾ സ്ട്രീറ്റ് ജേർണലിനും, റോയിട്ടേഴ്‌സിനും ഞങ്ങൾ നിയമപരമായ നോട്ടീസുകൾ അയച്ചിട്ടുണ്ട്. AAIBയുടെ പ്രാഥമിക റിപ്പോർട്ടിന്റെ ഭാഗമല്ലാത്ത നിഗമനങ്ങളിലേക്ക് നിങ്ങൾക്ക് എങ്ങനെ എടുത്തുചാടാൻ കഴിയും ? പൈലറ്റുമാരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും? അതിനാൽ ഞങ്ങൾ ഒരു വിശദീകരണം ആവശ്യപ്പെടുകയും, മാധ്യമങ്ങൾക്ക് പ്രസ്താവന നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്." അദ്ദേഹം പറഞ്ഞു.
"അവർ അത് ചെയ്തില്ലെങ്കിൽ, തുടർനടപടികൾ ഞങ്ങൾ സ്വീകരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെക്കുറിച്ചുള്ള സമീപകാല മാധ്യമ കവറേജിനെ വിമർശിച്ച ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെ (NTSB) പ്രസ്താവനയെയും ക്യാപ്റ്റൻ രൺധാവ അഭിനന്ദിച്ചു. NTSB പ്രസ്താവന പാശ്ചാത്യ മാധ്യമങ്ങളുടെ എല്ലാ ഊഹാപോഹങ്ങളും ഇന്ത്യൻ പൈലറ്റുമാരെ കുറ്റപ്പെടുത്തലും അവസാനിപ്പിക്കുമെന്ന് FIP പ്രസിഡന്റ് പറഞ്ഞു.
"ഈ റിപ്പോർട്ട് NTSB ചെയർമാനിൽ നിന്ന് പുറത്തുവന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കാരണം NTSB AIIBയിലെ അന്വേഷണ സമിതിയിലും ഉൾപ്പെടുന്നു.," അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിലെത്തുന്നതിനുമുമ്പ്, അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എഎഐബിയുടെ ഔദ്യോഗിക കണ്ടെത്തലുകൾക്കായി കാത്തിരിക്കണമെന്ന് എൻടിഎസ്‌ബി ചെയർവുമൺ ജെന്നിഫർ ഹോമൻഡി ഒരു പ്രസ്താവനയിൽ പൊതുജനങ്ങളോടും, മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.


