Representational image: PTI
കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ
യുഎഇ സെക്ടറില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ആഴ്ചയില്‍ 21 ഫ്‌ളൈറ്റുകളുണ്ടായിരുന്നത് വെറും ഏഴായി ചുരുക്കി. നിര്‍ത്തലാക്കിയ 14 സര്‍വീസുകളിലേക്ക് 27-ാം തീയതി മുതല്‍ ബുക്കിങ് സ്വീകരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്കാണ് എയര്‍ ഇന്ത്യ സേവനങ്ങള്‍ നടത്തുന്നത്. 14 സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ, ദുബായ്-കരിപ്പൂര്‍, ഷാര്‍ജ-കരിപ്പൂര്‍ സെക്ടറുകളിലെ സര്‍വീസുകള്‍ ഇല്ലാതാവും. ദുബായ്-നെടുമ്പാശേരി സര്‍വീസ് മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്. മറ്റു രണ്ടു സെക്ടറുകളിലേക്ക് 27 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സേവനം നടത്തുമെന്നാണ് വിവരം. ഇതോടെ, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ലഭ്യമായിരുന്ന ഭക്ഷണം, കാര്‍ഗോ എന്നീ സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് നഷ്ടമാകും. ബിസിനസ് ക്ലാസ് യാത്രയും ഇല്ലാതാകും.
കേരളത്തിലേക്ക് പറന്നിരുന്ന ആകെ ഒരു ഡ്രീംലൈനര്‍ വിമാനം പത്താം തീയതി മുതല്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു. 18 ബിസിനസ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പടെ 256 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു അതില്‍. എന്നാല്‍, ഇനി മുതല്‍ 170 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറു വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. പ്രവാസികള്‍ക്ക് ഏറെ ആശ്വസകരമായിരുന്ന സര്‍വീസുകള്‍ പിന്‍വലിക്കുന്നത് യാത്രകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
ഗള്‍ഫ് നാടുകളില്‍ അവധിക്കാലം തുടങ്ങാനിരിക്കെയാണ് എയര്‍ ഇന്ത്യയുടെ നടപടി. ദുബായ്, ഷാര്‍ജ എന്നീ നഗരങ്ങളില്‍ നിന്ന് കരിപ്പൂരിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഏറെ സഹായകമായിരുന്ന സര്‍വീസുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത്. ഈ സെക്ടറില്‍ സര്‍വീസുകള്‍ നടത്തുന്ന വിദേശ വിമാന കമ്പനികള്‍ ടിക്കറ്റു വില ഉയര്‍ത്തി യാത്രക്കാരെ കൊള്ളയിടുക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.