എംപിമാർ ഉണ്ടായിരുന്ന വിമാനം അടിയന്തരമായി ഇറക്കിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ
എംപിമാർ ഉണ്ടായിരുന്ന വിമാനം അടിയന്തരമായി ഇറക്കിയത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ഗോ എറൗണ്ട് ആണെന്നും, ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ് എന്നും എയർ ഇന്ത്യ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട വിമാനമാണ് ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയത്.
ഇന്നലെ വൈകീട്ട് 7.15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടെണ്ട വിമാനം അരമണിക്കൂർ വൈകി 7.45നാണ് പുറപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. എംപിമാരായ കെ സി വേണുഗോപാല്‍, കെ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് ഉൾപ്പെടെ 160പേർ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാരും സുരക്ഷിതരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടിരുന്നു.


