
റൺവേയിൽ നിന്നും തെന്നിമാറി എയർ ഇന്ത്യ വിമാനം
ഇന്ന് രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ നിന്നും തെന്നിമാറി. കനത്ത മഴയെ തുടർന്നാണ് എയർബസ് A320 തെന്നിമാറിയത്.
“എയർ ഇന്ത്യയുടെ AI2744 നമ്പർ വിമാനം കനത്ത മഴയെ തുടർന്ന് റൺവെയിൽ നിന്ന് തെന്നിമാറി. എന്നാൽ വിമാനത്തെ തിരിച്ച് ടെർമിനൽ ഗേറ്റിലേക്ക് സുരക്ഷിതമായി എത്തിക്കാൻ സാധിച്ചു. തുടർന്ന് വിമാനത്തെ പരിശോധനക്കായി ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതമായി ഇറങ്ങിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ പ്രധാന മുൻഗണന,” എയർ ഇന്ത്യ വക്താവ് പറഞ്ഞു.
“പ്രധാന റൺവേയായ 09/27ൽ മഴമൂലം ചെറിയ കേടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവർത്തനം താൽക്കാലികമായി തുടരുമെന്നുറപ്പാക്കുന്നതിനായി രണ്ടാം റൺവേയായ 14/32 സജീവമാക്കിയിട്ടുണ്ട്” എയർപോർട്ട് അധികൃതർ അറിയിച്ചു.
തുടരെയുള്ള എയർ ഇന്ത്യയുടെ അപകടങ്ങൾ യാത്രക്കാരുടെ ഇടയിൽ ആശങ്ക, സൃഷ്ടിക്കുന്നുണ്ട്.


