TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

വായു മലിനീകരണം; നിയമലംഘനത്തിന് പിഴ ചുമത്തി ഡല്‍ഹി സര്‍ക്കാര്‍

06 Nov 2023   |   2 min Read
TMJ News Desk

വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഈ മാസം 13 മുതല്‍ 20 വരെ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

പടക്കം പൊട്ടിക്കുന്നതിലുള്ള വിലക്ക് തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം. ട്രക്ക്, ഡീസല്‍ വാഹനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് 10,000 രൂപയാണ് പിഴ. സ്‌കൂളുകളില്‍ 10,12 ഒഴികെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. വരും ദിവസങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ അടച്ചിടാന്‍ സാധ്യതയുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ വായുമലിനീകരണം രൂക്ഷമാണ്.

അന്തരീക്ഷമലിനീകരണം രൂക്ഷം

2013 ന് ശേഷം ഏറ്റവും രൂക്ഷമായ അന്തരീക്ഷ മലിനീകരണമാണ് ഈ വര്‍ഷം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുകയും നിരവധി രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സൂക്ഷ്മ കണികകളുടെ സാന്ദ്രത വ്യാഴാഴ്ച വൈകുന്നേരത്തോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു ക്യുബിക് മീറ്ററിന് 60 മൈക്രോഗ്രാം എന്ന സുരക്ഷിത പരിധിയില്‍ നിന്ന് ഏഴോ എട്ടോ മടങ്ങ് വര്‍ദ്ധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന മലിനീകരണ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി നഗരത്തിലെ അനിവാര്യമല്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ പാനല്‍ ഉത്തരവിട്ടിരുന്നു. വാഹനങ്ങളുടെ പുകയില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞയാഴ്ചയിലെ രണ്ടാംഘട്ട പ്ലാനില്‍ ഡല്‍ഹി മെട്രോ, ഇലക്ട്രിക് ബസ് സര്‍വീസുകള്‍ എന്നിവയുടെ സേവനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹിയിലും ചെന്നൈയിലും നടത്തിയ രണ്ട് പഠനങ്ങളില്‍ നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ അളവ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നതായി കണ്ടെത്തി. സെന്റര്‍ ഫോര്‍ കാര്‍ഡിയോമെറ്റബോളിക് റിസ്‌ക് റിഡക്ഷന്‍ ഇന്‍ സൗത്ത് ഏഷ്യ സര്‍വൈലന്‍സ് സ്റ്റഡിയുടെ ഭാഗമായായിരുന്നു പഠനം. ചെന്നൈയിലെ 6,722 പേരെയും ഡല്‍ഹിയിലെ 5,342 പേരെയും ഉള്‍പ്പെടുത്തി, ചോദ്യാവലിയിലൂടെയും രക്തസാമ്പിള്‍ പരിശോധനയിലൂടെയും നടത്തിയ പഠനത്തിലാണ് ഡയബറ്റിസ് സാധ്യത കണ്ടെത്തിയത്. മലിനമായ വായു എല്ലാ വര്‍ഷവും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ കുട്ടികളിലും പ്രായമായവരിലും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി ആരോഗ്യവിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


#Daily
Leave a comment