TMJ
searchnav-menu
post-thumbnail

TMJ Daily

വായു മലിനീകരണം; എട്ടാം സ്ഥാനത്ത് ഇന്ത്യ, ആദ്യ 100 ൽ 65 ഇന്ത്യൻ നഗരങ്ങൾ

15 Mar 2023   |   1 min Read
TMJ News Desk

ലോകരാജ്യങ്ങളിൽ മോശം വായുനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. 2022 ലെ മോശം വായുനിലവാര പട്ടികയിൽ 39 നഗരങ്ങളും ഇന്ത്യയിലാണെന്നുള്ളതും ഗൗരവം വർധിപ്പിക്കുന്നു. വായുവിന്റെ ഗുണനിലവാരം അളക്കുന്ന പിഎം 2.5 അളവ് ഇന്ത്യയിൽ 53.3 മൈക്രോഗ്രാം/ക്യുബിക് മീറ്ററാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം 10 മടങ്ങ് കൂടുതലാണ് ഈ അളവ്. അതേ സമയം മുൻ വർഷങ്ങളിൽ അഞ്ചാം സ്ഥാനത്ത് നിന്നാണ് എട്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 131 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. മലിനീകരണം കൂടുതലുള്ള 7300 നഗരങ്ങളിലെ വായുനിലവാരമടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.

ഇന്ത്യയിലെ മലിനീകരണ സ്രോതസുകൾ

ഇന്ത്യയിൽ വായു മലിനീകരണത്തിന്റെ 20-35 ശതമാനവും ഗതാഗത മേഖലയിലൂടെ രൂപപ്പെടുന്നവയാണ്. ഇതിനുപുറമെ, വ്യാവസായിക യൂണിറ്റുകൾ, കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ, ബയോമാസ് കത്തിക്കുന്നതുമാണ് മറ്റ് ഉറവിടങ്ങൾ. പാക്കിസ്ഥാനിലെ ലാഹോറും ചൈനയിലെ ഹോടനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള മലിനമായ നഗരങ്ങൾ. അവ കഴിഞ്ഞാൽ രാജസ്ഥാനിലെ ഭിവാദിയും തുടർന്ന് ഡൽഹിയുമാണ്. ആദ്യ പത്തിൽ ആറ് ഇന്ത്യൻ നഗരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ 20 ൽ 14 ഇന്ത്യൻ നഗരങ്ങളുണ്ടെന്നും റിപ്പോർട്ടിൽ കാണാനാവുന്നതാണ്. ആദ്യ നൂറിൽ 65 ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യ നൂറിൽ 61 ഇന്ത്യൻ നഗരങ്ങളായിരുന്നു ഇടംപിടിച്ചത്.

ഡൽഹിയായിരുന്നു ഇതുവരെ ഏറ്റവും മലിനീകരണമുള്ള രാജ്യ തലസ്ഥാനം. എന്നാൽ പുതിയ പട്ടികയിൽ ചാഡ് തലസ്ഥാനമായ എൻജമേനയാണ് ഇത്തവണ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ന്യുഡൽഹിയുമായി പിഎം 2.5 അളവിൽ നേരിയ വ്യത്യാസം മാത്രമേയുള്ളു. ഡൽഹിയുടെ തൊട്ടടുത്ത നഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ മലിനീകരണ തോത് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് ഗുരുഗ്രാമിൽ 34 ശതമാനവും ഫരീദാബാദിൽ 21 ശതമാനവുമാണ് കുറവ് കാണുന്നത്. ഡൽഹിയിൽ 8 ശതമാനം മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. ഉയർന്ന തോതിലുള്ള മലിനീകരണത്തിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് കുട്ടികളും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പ്രത്യേകിച്ച് ആസ്മ, കാൻസർ, പ്രമേഹം എന്നീ രോഗങ്ങൾ നേരിടുന്ന മുതിർന്നവരുമാണ്. ഇത്തരത്തിൽ ആരോഗ്യകരമായ അപകടസാധ്യത തുടരുന്നതിനാൽ രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുന്ന ഘടകങ്ങളാണിവയെന്ന് റിപ്പോർട്ടിൽ പരാമർശിച്ചു.


#Daily
Leave a comment