PHOTO: PTI
അഭയാര്‍ത്ഥി ക്യാമ്പിനു നേരെ വ്യോമാക്രമണം, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 270 പേര്‍
ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 270 പേര്‍. കൊല്ലപ്പെട്ടതില്‍ 117 കുട്ടികളുള്‍പ്പെടുന്നു. വടക്കന്‍ ഗാസയിലെ ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനുനേരെ ഉണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഹമാസ് ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അവശ്യ സാധനങ്ങളുമായുള്ള 14 ട്രക്കുകള്‍ റാഫ അതിര്‍ത്തി കടന്ന് ഗാസയിലെത്തി. മരുന്നും, കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടുന്ന 20 ട്രക്കുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഗാസയില്‍ പ്രവേശിച്ചിരുന്നു. ഹമാസിന്റെ കയ്യില്‍ സഹായം എത്തരുതെന്ന് ഉറപ്പാക്കാന്‍ പരിശോധന വേണം എന്ന് യുഎസും ഇസ്രയേലും നിലപാടെടുത്തതോടെ ട്രക്കുകള്‍ കടത്തിവിടാതെ ദിവസങ്ങളോളം അതിര്‍ത്തിയില്‍ പിടിച്ചിട്ടിരുന്നു.
ഗാസയില്‍ അമേരിക്കയുടെ നിഴല്‍യുദ്ധം
ഗാസയില്‍ നടക്കുന്നത് അമേരിക്കയുടെ നിഴല്‍ യുദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീര്‍ അബ്ദുള്ളാഹി പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട പലസ്തീന്‍കാരെ ഇസ്രയേലില്‍ കൂടി ആക്രമിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. അവര്‍ ഇസ്രയേലിന് യുദ്ധസഹായം എത്തിക്കുന്നു എന്നും ഗാസയിലേക്കുള്ള ബോംബാക്രമണം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.