
എയര്‍കേരള ഈ വര്‍ഷം മധ്യത്തോടെ പറന്നു തുടങ്ങും
സംസ്ഥാനത്തെ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് എയര്‍കേരള ഈ വര്‍ഷം മധ്യത്തോടെ പറന്നു തുടങ്ങും. തെക്കേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും.
എയര്‍കേരളയുടെ അധികൃതര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ബിസിനസുകാരുടെ സംഘമാണ് എയര്‍കേരളയ്ക്ക് പിന്നില്‍.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനി കേരളത്തില്‍ സേവനം വ്യാപിപ്പിച്ച ശേഷമാകും മറ്റ് സംസ്ഥാനങ്ങളിലേക്ക് പറക്കുക. തിരുവനന്തപുരത്തുനിന്നും കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. അന്തിമാനുമതി ലഭിച്ചാലുടന്‍ ഈ വിമാനത്താവളങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കും. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലില്‍ നിന്നും വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിനായിട്ടാണ് കാത്തുനില്‍ക്കുന്നത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
മാര്‍ച്ച് അവസാനം അല്ലെങ്കില്‍ ഏപ്രിലില്‍ കമ്പനിയുടെ ആദ്യ വിമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അയര്‍ലണ്ടില്‍നിന്നും അഞ്ച് എടിആര്‍ 72- 600 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 15 എടിആറുകളും അഞ്ച് നാരോ ബോഡീഡ് വിമാനങ്ങളും ആണ് കമ്പനി വാങ്ങുന്നത്. നാരോ ബോഡീഡ് വിമാനങ്ങള്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിനാണ് വാങ്ങുന്നത്.