TMJ
searchnav-menu
post-thumbnail

അജയ് ബാംഗ | Photo: PTI

TMJ Daily

ലോക ബാങ്ക് പ്രസിഡന്റായി അജയ് ബാംഗ; ഇന്ത്യക്ക് നേട്ടമുണ്ടാകുമോ?

03 Jun 2023   |   2 min Read
TMJ News Desk

ന്ത്യൻ വംശജനായ അജയ് ബാംഗ ലോക ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റു. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളായ ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലപ്പത്തെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അജയ് ബാംഗ. 63 കാരനായ ബാംഗയ്ക്ക് അഞ്ച് വർഷമാണ് കാലാവധി. ഡേവിഡ് മാൽപാസിന്റെ പിൻഗാമിയായായി 14-ാമത്തെ പ്രസിഡന്റായാണ് ബാംഗ ലോകബാങ്കിന്റെ അമരത്തെത്തുന്നത്.

'ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി അജയ് ബാംഗയെ സ്വാഗതം ചെയ്യുന്നു. ദാരിദ്ര്യ മുക്തമായ ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കാം,' എന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ലോകബാങ്ക് എഴുതി. 25 അംഗ എക്‌സിക്യൂട്ടിവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തിരഞ്ഞെടുത്തത്. മാസ്റ്റർകാർഡ് സിഇഒ ആയിരുന്ന ബാംഗയെ ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നാമനിർദേശം ചെയ്തത്.

അജയ് ബാംഗയുടെ പ്രവർത്തനവഴികൾ

അജയ് ബാംഗ എന്നറിയപ്പെടുന്ന അജയ്പാൽ സിംഗ് ബാംഗ 1959 നവംബർ 10-ന് പൂനെയിലാണ്  ജനിച്ചത്. ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലും ഹൈദരാബാദിലെ ഹൈദരാബാദ് പബ്ലിക് സ്‌കൂളിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അജയ് ബാംഗ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം-എ) എംബിഎ പൂർത്തിയാക്കി.

1981 ൽ നെസ്ലെയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 13 വർഷം കമ്പനിയുടെ സെയിൽസ്, മാർക്കറ്റിംഗ്, ജനറൽ മാനേജ്മെന്റ് വിഭാഗങ്ങളിൽ ജോലി ചെയ്തു. പിന്നീട്, അദ്ദേഹം പെപ്സിക്കോയിൽ ചേർന്നു. പെപ്സിക്കോയിൽ 1991-ന് ശേഷമുള്ള പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയിൽ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിൽ അജയ് ബാംഗ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. 2007-ൽ ബാംഗ യുഎസ് പൗരത്വം സ്വീകരിച്ചു. പിന്നീട് 2010 മുതൽ ബാംഗ മാസ്റ്റർകാർഡിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആഗോള സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി. 2021 ഡിസംബറിൽ, മാസ്റ്റർകാർഡിന്റെ തലവനായി 12 വർഷത്തിനുശേഷം, അദ്ദേഹം സിഇഒ സ്ഥാനത്തുനിന്ന് വിരമിച്ചു. പിന്നീട് 2022 ജനുവരി 1-ന് ജനറൽ അറ്റ്‌ലാന്റിക് വൈസ് ചെയർമാനായി ചുമതലയേറ്റു.

2020-2022 വരെ ചെയർമാനായി സേവനമനുഷ്ഠിച്ച ബാംഗ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ഓണററി ചെയർമാനാണ്. എക്‌സോറിന്റെ ചെയർമാനും ടെമാസെക്കിന്റെ സ്വതന്ത്ര ഡയറക്ടറുമാണ് അദ്ദേഹം. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റി, അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്റെ ചെയർമാനുമായിരുന്നു ബാംഗ. കൂടാതെ, അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിൽ അംഗമായും പ്രവർത്തിച്ചു. സൈബർ റെഡിനസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബിന്റെ വൈസ് ചെയർമാനുമായിരുന്നു.

2012 ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ, 2016-ൽ ഇന്ത്യൻ പ്രസിഡന്റിന്റെ പത്മശ്രീ അവാർഡ്, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ, 2019 ൽ ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാൻഡിംഗിന്റെ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് എന്നിവയും ബാംഗയ്ക്ക് ലഭിച്ചിട്ടുണ്ട്.  

ഇന്ത്യക്ക് നേട്ടമാകുമോ?

നിർണായക ഘട്ടത്തിലാണ് അജയ് ബാംഗ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കോവിഡ് വ്യാപനത്തിനും യുക്രൈയിനിലെ യുദ്ധത്തിനുമിടയിൽ ലോകസാമ്പത്തിക നില പരുങ്ങലിലാണ്. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ ആഗോള തലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വെല്ലുവിളികളെ നേരിടേണ്ട ചുമതലയും ബാംഗയിൽ നിക്ഷിപ്തമാണ്. നിലവിലെ സാഹചര്യത്തിൽ ലോക ബാങ്ക് ധനസഹായം വൻതോതിൽ വർധിപ്പിക്കേണ്ട ആവശ്യകതയിലെത്തി നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്കെതിരെ പോരാടുന്നതിനുമുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുന്നതിൽ നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയും മറ്റ് വികസ്വര രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്ന ലോകബാങ്ക് ഗ്രൂപ്പിലെ സ്ഥാപനമായ ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് (ഐബിആർഡി) 2022-ൽ വിവിധ രാജ്യങ്ങൾക്കായി നല്കിയ 22 ബില്യൺ ഡോളറിൽ ഏകദേശം 4 ബില്യൺ ഡോളർ ലഭിച്ചത് ഇന്ത്യക്കാണ്.


#Daily
Leave a comment