ശമ്പളം വൈകിയതില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച അഖിലയുടെ സ്ഥലംമാറ്റം റദ്ദാക്കി
ശമ്പളമില്ലാതെ 41-ാം ദിവസമെന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അഖില എസ് നായരുടെ ട്രാന്‍സ്ഫര്‍ റദ്ദാക്കി. സിഎംഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് കെഎസ്ആര്‍ടിസി അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്ന് പാലായിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.
അതേസമയം, അഖില ബാഡ്ജില്‍ പ്രദര്‍ശിപ്പിച്ച കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറു ദിവസം മാത്രമാണ് ശമ്പളം വൈകിയത്. എന്നാല്‍ 41 ദിവസം മുടങ്ങിയെന്നാണ് ബാഡ്ജില്‍ ജീവനക്കാരി പ്രദര്‍ശിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചാം തീയതിയാണ് കെഎസ്ആര്‍ടിസിയിലെ ശമ്പള ദിവസം. സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനുവരി 11 നാണ് അഖില പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.