TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

എംബാപ്പേയ്ക്കായി അല്‍ ഹിലാല്‍

25 Jul 2023   |   2 min Read
TMJ News Desk

വര്‍ഷം പി.എസ്.ജി വിടാനൊരുങ്ങുന്ന സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയെ സൈന്‍ ചെയ്യാനൊരുങ്ങി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍. പി.എസ്.ജി പറയുന്ന വന്‍ റിലീസ് ക്ലോസ് മുടക്കാനും അല്‍ ഹിലാല്‍ തയ്യാറാണ്. 300 മില്ല്യണ്‍ യൂറോയാണ് എംബാപ്പേയെ വാങ്ങാന്‍ അല്‍ ഹിലാല്‍ ബിഡായി സമര്‍പ്പിച്ചിരിക്കുന്നത്. സീസണില്‍ 200 മില്ല്യണ്‍ യൂറോ സാലറിയും എംബാപ്പേയ്ക്ക് അല്‍ ഹിലാല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ എത്ര വലിയ തുക പി.എസ്.ജിക്ക് അല്‍ ഹിലാല്‍ ഓഫര്‍ ചെയ്താലും എംബാപ്പേയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഡീല്‍ നടക്കുക. കരിയറില്‍ തന്റെ മികച്ച ഫോമില്‍ നില്‍ക്കുന്ന ഈ ഇരുപത്തിമൂന്നുകാരന് വന്‍ സാലറിയാണ് അല്‍ ഹിലാല്‍ ഓഫര്‍ ചെയ്തതെങ്കിലും സൗദിയിലേക്ക് താരം പോകാനുള്ള സാധ്യത കുറവാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സിമ, എന്‍ഗൊളോ കാന്റേ തുടങ്ങിയ വന്‍ താരങ്ങള്‍ ഇപ്പോള്‍ സൗദിയിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നുണ്ടെങ്കിലും അവരൊക്കെ അവിടെയെത്തിയത് കരിയറിന്റെ അവസാനത്തിലാണ്. അത് കൊണ്ട് തന്നെ ഇപ്പോള്‍ ലോകത്തിലെ മികച്ച താരങ്ങളില്‍ ഒരാളായ ഇദ്ദേഹം യൂറോപ്പില്‍ തന്നെ തുടരാനാണ് സാധ്യത കൂടുതല്‍. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് പോകാനാണ് താരം താത്പര്യപ്പെടുന്നത്. എന്നാല്‍ പി.എസ്.ജി പറയുന്ന വന്‍ തുക കൊടുത്ത് എംബാപ്പേയെ വാങ്ങാന്‍ റയല്‍ മാഡ്രിഡ് തയ്യാറുമല്ല. അടുത്ത വര്‍ഷം പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന താരത്തെ ഫ്രീ ഏജന്റായി ടീമിലെത്തിക്കാനാണ് റയലിന്റെ ശ്രമം. ഇത് പി.എസ്.ജി മുന്നില്‍ കണ്ടതോടെ എംബാപ്പേയോട് ക്ലബ്ബില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ക്ലബ്ബ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഇതിനോട് പ്രതികരിക്കാത്തതോടെയാണ് ഇദ്ദേഹത്തെ ഈ വര്‍ഷം തന്നെ വില്‍ക്കണം എന്ന കാര്യത്തില്‍ ക്ലബ്ബ് തീരുമാനത്തിലെത്തുന്നത്. അതേ തുടര്‍ന്ന് പി.എസ്.ജിയുടെ വരാന്‍ പോകുന്ന സൗഹൃദ മത്സരങ്ങളുടെ സ്‌ക്വാഡില്‍ നിന്നും എംബാപ്പേയെ ഒഴിവാക്കിയിരുന്നു.

മൊണാക്കോയില്‍ നിന്ന് പി.എസ്.ജിയിലേക്ക്

ഇതുവരെ ഫ്രഞ്ച് ക്ലബ്ബുകള്‍ക്ക് വേണ്ടി മാത്രം ബൂട്ട് കെട്ടിയ എംബാപ്പേ തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത് എ.എസ് ബോണ്ടിയില്‍ നിന്നുമാണ്. അവിടെ നിന്ന് 2013 ല്‍ എ.എസ് മൊണാക്കോയില്‍ എത്തിയ താരം ക്ലബ്ബിന്റെ വിവിധ യൂത്ത് ടീമുകളുടെ ഭാഗമായി പന്ത് തട്ടി. 2015 ലാണ് എംബാപ്പേ മൊണാക്കോയ്ക്ക് വേണ്ടി തന്റെ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം കുറിക്കുന്നത്. മൊണാക്കോയില്‍ നിന്ന് മികച്ച പ്രകടനം കാഴ്ച വച്ച എംബാപ്പേയെ 2017 ല്‍ പി.എസ്.ജി ലോണില്‍ ടീമിലേക്കെത്തിക്കുകയും 2018 ല്‍ സൈന്‍ ചെയ്യുകയും ചെയ്തു. മൊണാക്കോയിലെ പ്രകടനം പി.എസ്.ജിയിലും തുടര്‍ന്ന എംബാപ്പേ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ്. പി.എസ്.ജിക്കായി ലീഗ് കിരീടങ്ങള്‍ എംബാപ്പേയ്ക്ക് നേടാനായെങ്കിലും ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം വിജയിക്കാനായിട്ടില്ല. 2020 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയെങ്കിലും മികച്ച ഫോമില്‍ നില്‍ക്കുന്ന ബയേണ്‍ മ്യൂണിക്കിനോട് തോല്‍ക്കുകയായിരുന്നു.

എംബാപ്പെയുടെ സാന്റിയാഗോ ബെര്‍ണ്ണാബ്യൂ മോഹം.

തന്റെ ചെറുപ്പംകാലം മുതല്‍ തന്നെ കിലിയന്‍ എംബാപ്പേ റയല്‍ മാഡ്രിഡ് ആരാധാകനാണെന്നുള്ള കാര്യം ലോകത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് അറിവുള്ള കാര്യമാണ്. റയലിന്റെ ജേഴ്സിയണിയണം എന്നാണ് എംബാപ്പേയുടെ ആഗ്രഹങ്ങളില്‍ ഒന്ന്. റയലിന്റെ മാത്രമല്ല അവരുടെ ലജന്റുകളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകന്‍ കൂടായാണ് എംബാപ്പേ. എംബാപ്പേയ്ക്ക് ഈ വര്‍ഷം തന്റെ ഇഷ്ട ക്ലബ്ബിലേക്ക് എത്താന്‍ സാധിക്കുമോ എന്നുള്ളത് ആരാധകര്‍ ഉറ്റ് നോക്കുന്ന കാര്യമാണ്.


#Daily
Leave a comment