
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യയും കുറ്റക്കാര്‍
190 മില്ല്യണ്‍ പൗണ്ടിന്റെ അല്‍ ഖാദിര്‍ അഴിമതിക്കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാര്‍. അഴിമതി വിരുദ്ധ കോടതിയിലെ ജഡ്ജി നാസിര്‍ ജാവേദ് റാണയാണ് ഇരുവരേയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിവിധ കാരണങ്ങളാല്‍ മൂന്ന് തവണ വിധി പ്രഖ്യാപനം മാറ്റിവച്ചിരുന്നു.
ആദില ജെയിലില്‍ സ്ഥാപിച്ച താല്‍ക്കാലിക കോടതിയില്‍ ആണ് ജഡ്ജി വിധി പറഞ്ഞത്. 2023 ഡിസംബറിലാണ് ഇമ്രാന്‍ ഖാനും ഭാര്യയും മറ്റ് ആറുപേരും പ്രതികളായ കേസ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) രജിസ്റ്റര്‍ ചെയ്തത്. 190 മില്ല്യണ്‍ പൗണ്ട് തുക ദേശീയ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഏകദേശം 50 ബില്ല്യണ്‍ പാകിസ്ഥാന്‍ രൂപ വരും ഇത്.
ഇമ്രാനും ഭാര്യയും ഒഴികെയുള്ളവര്‍ രാജ്യത്തിന് പുറത്താണ്. ഒരു കെട്ടിട നിര്‍മ്മാണ വമ്പനുമായുള്ള സെറ്റില്‍മെന്റിന്റെ ഭാഗമായി യുകെയുടെ ദേശീയ കുറ്റകൃത്യ ഏജന്‍സി പാകിസ്ഥാനിലേക്ക് തിരിച്ചയച്ച പണം ഈ വമ്പനും ഇമ്രാന്‍ഖാനും ചേര്‍ന്ന് വകമാറ്റിയെന്നാണ് കേസ്. ഇമ്രാനേയും ഭാര്യയേയും ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ സഹായിച്ച വ്യക്തിയാണ് ഈ കെട്ടിട നിര്‍മ്മാണ കമ്പനി ഉടമ. ഝലത്തിലെ അല്‍-ഖാദിര്‍ സര്‍വകലാശാലയുടെ ട്രസ്റ്റായ അല്‍ ഖാദിര്‍ ട്രസ്റ്റിലെ ഒരു ട്രസ്റ്റിയാണ് ഇമ്രാന്റെ ഭാര്യ.