TMJ
searchnav-menu
post-thumbnail

TMJ Daily

ആലപ്പുഴ വാഹനാപകടം; കാര്‍ ഉടമയ്ക്ക് വിദ്യാര്‍ഥികളുമായി ബന്ധമില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം കോടതിയില്‍ 

08 Dec 2024   |   1 min Read
TMJ News Desk

ലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം ശനിയാഴ്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അപകടത്തില്‍പ്പെട്ട കാറിന്റെ ഉടമ ഷാമില്‍ഖാന് വിദ്യാര്‍ഥികളുമായി ബന്ധമോ പരിചയമോ ഇല്ലെന്നും പണത്തിനാണ് കാര്‍ നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ കോടതി നിര്‍ദ്ദേശിക്കും.

കളര്‍കോട് ആറു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ തിങ്കളാഴ്ചമുതല്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തും. ജനറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ കളര്‍കോടുവരെയുള്ള ഭാഗം ബ്ലാക്ക് സ്പോട്ടില്‍. അപകടമുണ്ടാകാതിരിക്കാനുള്ള നടപടിയെപ്പറ്റി വിശദ റിപ്പോര്‍ട്ടു നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.

തിങ്കളാഴ്ച രാത്രി 9.30ഓടെ ആയിരുന്നു ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. 3 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാര്‍ വെട്ടിപൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. വണ്ടാനത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.


#Daily
Leave a comment