Photo: PTI
ട്രെയിൻ തീവെപ്പ്; സമാനതകൾ പരിശോധിച്ച് എൻഐഎ
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ട കേസും എലത്തൂർ ട്രെയിൻ തീവെപ്പ് കേസും തമ്മിൽ ബന്ധമുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി പരിശോധിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽത്തന്നെയാണ് രണ്ട് തവണയും തീയിട്ടത്.
സംഭവത്തിൽ ബംഗാൾ കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗർ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വിരൽ അടയാള പരിശോധന നടത്തിയ ശേഷം കൂടുതൽ നീക്കങ്ങളിലേക്ക് പോകാനാണ് പൊലീസിന്റെ തീരുമാനം. എൻഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റു കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടി.
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് ഇന്നലെ പുലർച്ചെ കത്തി നശിച്ചത്. ട്രെയിനിന്റെ 17-ാം കോച്ച് പൂർണമായും കത്തിനശിച്ചു. ഈ കോച്ചിന്റെ ശുചിമുറിയുടെ ജനൽച്ചില്ലും വാഷ് ബേസിനും തകർത്ത നിലയിലാണ്. എലത്തൂർ ട്രെയിൻ തീവെപ്പ് നടന്ന് രണ്ട് മാസം തികയുമ്പോഴാണ് കണ്ണൂരിൽ അതേ ട്രെയിനിൽ വീണ്ടും തീപിടുത്തം. എലത്തൂർ കേസിൽ എൻ.ഐ.എ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും തീപിടുത്തമെന്നതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംസ്ഥാന - റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവെപ്പ് നിലവിൽ എൻ.ഐ.എ ആണ് അന്വേഷിക്കുന്നത്. ആ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം നടത്തുന്നത്. ബുധനാഴ്ച രാത്രിയോടെ ആലപ്പുഴയിൽ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനിൽ നിന്ന് ആളുകൾ ഇറങ്ങിപ്പോയതിനു ശേഷമായിരുന്നു തീപിടുത്തം. നിർത്തിയിട്ട ട്രെയിനിൽ പുലർച്ചെ ഒന്നരയോടെ ഉണ്ടായ തീപിടിത്തം ഒരു മണിക്കൂറിനുള്ളിൽ തന്നെ അണയ്ക്കാനായെങ്കിലും ഒരു ബോഗി പൂർണമായും കത്തിനശിച്ചു. മറ്റു കോച്ചുകളെ ഉടൻ വേർപെടുത്തിയതിനാൽ തീ പടർന്നില്ല. യാത്രക്കാർ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. തീപിടിത്തത്തിൽ ദുരൂഹത ഉള്ളതായാണ് റെയിൽവേ അധികൃതർ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തെ നടുക്കിയ അട്ടിമറി
ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു ഷാരൂഖ് സെയ്ഫി യാത്രക്കാർക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തിയത്. കോരപ്പുഴ പാലത്തിലെത്തിയതോടെ കോച്ചിലേക്ക് കടന്ന് വന്നയാൾ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്ന് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നല്കി. സംഭവത്തേത്തുടർന്ന് മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം പ്രതിയെ പിന്നീട് രത്നഗിരിയിൽനിന്ന് മഹാരാഷ്ട്ര എ.ടി.എസ്. പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു. തീവ്രവാദ ബന്ധം സ്ഥിരീകരിച്ച ഈ ആക്രമണത്തിൽ കൂടുതൽ പ്രതികളിലേക്ക് ഉൾപ്പെടെ എൻഐഎ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഡൽഹി ഷഹീൻബാഗിൽ ഷാരൂഖ് സെയ്ഫിയുടെ വീട്ടിലുൾപ്പെടെ ഒൻപതിടത്ത് എൻ.ഐ.എ അടുത്തിടെ പരിശോധന നടത്തി. തീവെപ്പ് നടത്താൻ ഷാരൂഖിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ, തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എൻ.ഐ.എ ഷഹീൻബാഗിലെത്തി അന്വേഷിച്ചത്. കേസിൽ മൊഴി നൽകാനായി ഷഹീൻബാഗിൽനിന്ന് എൻ.ഐ.എ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയ ഷാരൂഖ് സെയ്ഫിയുടെ സുഹൃത്തിന്റെ പിതാവിനെ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവിൽ വീണ്ടും തീപിടിത്തമുണ്ടായതെന്നതും ദുരൂഹത വർധിപ്പിക്കുന്നു.
കണ്ണൂർ സംഭവവും എലത്തൂർ സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്. ഷോർട്ട് സർക്യൂട്ടിന് സാധ്യതയില്ലെന്ന് തന്നെയാണ് റെയിൽവേയുടെ വിലയിരുത്തൽ. ട്രെയിനിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് ഒരാൾ ട്രെയിനിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.