
433.5 മില്യൺ ഡോളർ നൽകി കേസ് തീർപ്പാക്കി അലിബാബ
നിക്ഷേപകർ നൽകിയ പരാതിയിൽ 433.5 മില്യൺ ഡോളർ ഒത്തുതീർപ്പായി നൽകാൻ തയ്യാറായി ചൈനീസ് ബഹുരാഷ്ട്ര ഇ-കൊമേഴ്സ് കമ്പനിയായ അലിബാബ. ഇ-കൊമേഴ്സ് ഭീമന്റെ കുത്തക സമ്പ്രദായങ്ങൾ ആരോപിച്ച് നിക്ഷേപകർ സമർപ്പിച്ച കേസാണ് തീർപ്പാക്കിയത്.
അലിബാബക്കെതിരെ 2020ലാണ് നിക്ഷേപകർ പരാതി നൽകുന്നത്. അലിബാബയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ കാരണം ഓഹരി വില കുറയുകയും നിക്ഷേപകർക്ക് വലിയ നഷ്ടം സംഭവിച്ചുവെന്നാരോപിച്ചാണ് കേസ് നൽകിയത്. ഈ നഷ്ടം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചാണ് അലിബാബ പരാതി തീർപ്പാക്കുന്നത്.
മാൻഹട്ടനിലെ ഫെഡറൽ കോടതിയിലാണ് ഒത്തുതീർപ്പായത്. ഇനി യുഎസ് ജില്ല ജഡ്ജി ജോർജ്ജ് ഡാനിയൽസിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
2019 നവംബർ 13 മുതൽ 2020 ഡിസംബർ 23 വരെയുള്ള അലിബാബയുടെ അമേരിക്കൻ നിക്ഷേപ ഓഹരികളിലെ നിക്ഷേപകർ നൽകിയ കേസിലാണ് ഒത്തുതീർപ്പ്.
തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട അലിബാബ, കോടതി നടപടികൾ മൂലമുണ്ടാകുന്ന തടസ്സവും, ചെലവും ഒഴിവാക്കാനാണ് ഒത്തുതീർപ്പ് നടത്തിയതെന്ന് പറഞ്ഞു.
എന്നാൽ ഇതിനെ ഒരു അസാധാരണമായ ഫലമെന്നാണ് പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വിശേഷിപ്പിച്ചത്. കോടതി നടപടിയുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ, നിക്ഷേപകർക്ക് ലഭിക്കാൻ സാധ്യതയുള്ള പരമാവധി നഷ്ടപരിഹാരം 11.63 ബില്യൺ ഡോളറാണെന്നും അഭിഭാഷകർ പറഞ്ഞു.