
എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ, യാതൊരു വിവേചനവുമില്ല: തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് നിഷ്പക്ഷമായാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത് കൊണ്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും രൂപംകൊള്ളുന്നത്, അങ്ങനെയിരിക്കെ എങ്ങനെയാണ് വിവേചനം നടത്താനാവുകയെന്ന് വാർത്താസമ്മേളനത്തിനിടെ ഗ്യാനേഷ് കുമാർ ചോദിച്ചു. ഭരണഘടനാപരമായ കടമയിൽ നിന്ന് കമ്മീഷൻ പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഹാറിലെ ഇലക്ടറൽ റോളിന്റെ പ്രത്യേക തീവ്ര പുനഃപരിശോധനയെ പിന്തുണച്ച് സംസാരിച്ച അദ്ദേഹം ‘വോട്ട് ചോരി’യെന്ന പേരിൽ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ട് പറഞ്ഞു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണെന്ന് പറഞ്ഞ അദ്ദേഹം, വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചതായി പറഞ്ഞു. ആളുകളുടെ പേരും, വിവരവും, ചിത്രങ്ങളും വാർത്താസമ്മേളനത്തിലൂടെ പ്രസിദ്ധപ്പെടുത്തി വോട്ടർമാരുടെ സ്വകാര്യത രാഹുൽ ഗാന്ധി ലംഘിച്ചു എന്ന് അദ്ദേഹം വിമർശിച്ചു.
“കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്. ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കാം എന്നിരിക്കെ എന്തുകൊണ്ട് ഇത്രയും നാൾ വേണ്ടി വന്നു ആരോപണങ്ങളുമായി വരാൻ?,” ഗ്യാനേഷ് കുമാർ ചോദിച്ചു. “ഇരട്ട വോട്ടെന്ന ആരോപണത്തിന് തെളിവ് ചോദിച്ചപ്പോൾ തെളിവൊന്നും തന്നില്ല. ഇത്തരം വ്യാജ ആരോപണങ്ങളെ വോട്ടർമാരോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഭയക്കുന്നില്ല. വോട്ടർമാരെ ലക്ഷ്യം വച്ച് രാഷ്ട്രീയം കളിക്കുമ്പോൾ വോട്ടർമാർക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ നിലകൊള്ളും. എല്ലാവരെയും യാതൊരു വിവേചനവുമില്ലാതെ സംരക്ഷിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
‘വോട്ട് മോഷണ’ത്തിനെതിരെ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രചരണം കടുപ്പിച്ചിരിക്കുകയാണ്. വിവിധ പ്രതിഷേധ പരിപാടികൾക്ക് ശേഷം, അതിന്റെ തുടർച്ചയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 16 ദിവസം നീളുന്ന 'വോട്ടർ അധികാർ യാത്ര' ഇന്ന് ബീഹാറിൽ ആരംഭിച്ചു. മാത്രമല്ല മറ്റ് പ്രതിപക്ഷ പാർട്ടികളും ‘വോട്ട് മോഷണ’ത്തിനെതിരേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.


