
നടന്‍ മുകേഷിനെതിരെ വീണ്ടും ആരോപണം: രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം
എം എല്‍ എയും നടനുമായ എം മുകേഷിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യ. തന്റെ സുഹൃത്തായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ അമ്മയോട് മുകേഷ് മോശമായി പെരുമാറിയെന്നാണ് ആരോപണം. സിനിമാ മേഖലയില്‍ നിന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പല വിവേചനങ്ങളും നേരിടുന്നുണ്ടെന്നും സന്ധ്യ പറഞ്ഞു. റെമ്യൂണറേഷന്‍ നല്‍കുന്നതിലും ഭക്ഷണത്തിന്റെ കാര്യത്തിലും വിവേചനം നേരിടാറുണ്ടെന്ന് സന്ധ്യ വ്യക്തമാക്കി. പറയുന്ന സമയത്തെക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കുന്നുവെന്നും ഇടനിലക്കാര്‍ നിശ്ചയിച്ച പണം തട്ടിയെടുക്കുന്നുവെന്നും അവര്‍ പറഞ്ഞു. വിട്ടുവീഴ്ചകള്‍ ചെയ്താല്‍ മാത്രമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുന്നതെന്നും അല്ലാത്തവര്‍ക്ക് അവസരങ്ങള്‍ ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. വിച്ചു എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടിലിരിക്കാന്‍ ഇയാള്‍ പറഞ്ഞുവെന്ന് സന്ധ്യ ആരോപിച്ചു.
രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തുടര്‍ച്ചയായി ആരോപണങ്ങള്‍ നേരിടുന്ന മുകേഷ് നിലവില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം. മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെടുക്കാമെന്ന തീരുമാനത്തിലായിരുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. ശേഷമാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018 ല്‍ ഉയര്‍ത്തിയ ആരോപണമാണ് മുകേഷിനെതിരെ ആദ്യം ഉയര്‍ന്നുവന്നത്. പിന്നീട് നടി മിനു മുനീര്‍ ലൈംഗികാരോപണവുമായി രംഗത്തുവരുകയായിരുന്നു. ഇതോടെ മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.
നടപടിയില്ലെന്ന് ഫെഫ്ക
സംവിധായകന്‍ രഞ്ജിത്തിനെതിരെ അച്ചടക്ക നടപതി നിലവില്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ഫെഫ്ക. രഞ്ജിത്തിനെതിരെ പൊലീസ് റിപ്പോര്‍ട്ടോ, അറസ്‌റ്റോ മറ്റ് ഇടപെടലോ ഉണ്ടായാല്‍ നടപടിയെടുക്കാമെന്നാണ് ഫെഫ്കയുടെ നിലപാട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സ്വാഭാവിക നടപടിയാണെന്നും സംഘടന പറഞ്ഞു.