MATHEW KUZHALNADAN
വീണാ വിജയനെതിരായ ആരോപണം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല, കുഴല്‍നാടന്റെ ഹര്‍ജി തള്ളി
സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരായ ഹര്‍ജിയില്‍ വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജി. വീണാ വിജയന് കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി പണം നല്‍കിയെന്ന കണ്ടെത്തലാണ് വിവാദമായത്. സേവനങ്ങള്‍ നല്‍കാതെ അനധികൃതമായാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം.
സിഎംആര്‍എല്ലിന് മുഖ്യമന്ത്രി നല്‍കിയ സഹായമാണ് വീണാ വിജയന് പണം ലഭിക്കാന്‍ കരാണമെന്ന് ഹര്‍ജിയില്‍ മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനായി സിഎംആര്‍എല്ലിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായെന്നും കമ്പനിയുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ മുഖ്യമന്ത്രി റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടെന്നുമാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.
കേസില്‍ അന്വേഷണമില്ലെന്ന കോടതി വിധി അപ്രതീക്ഷിതമാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. വിഷയത്തില്‍ നിയമപോരാട്ടം തുടരുമെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ തെളിവുകളാണെന്നായിരുന്നു കുഴല്‍നാടന്റെ വാദം. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ മാസം കുഴല്‍നാടന്‍ നിലപാട് മാറ്റിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതിന് പകരം, കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലപാട് മാറ്റത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.