കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണം; അറസ്റ്റിലായ വിധികര്‍ത്താവ് ആത്മഹത്യ ചെയ്തു
കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ വിധികര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍. കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം സദാനന്ദാലയത്തില്‍ ഷാജി പൂത്തട്ടയെ ബുധനാഴ്ച വൈകിട്ട് 7 മണിയോടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കലോത്സവത്തിലെ മാര്‍ഗംകളി മത്സരത്തിന്റെ വിധികര്‍ത്താവായിരുന്നു ഷാജി പൂത്തട്ട. സിറ്റി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉയര്‍ന്നത്. പണം വാങ്ങി മത്സരഫലം അട്ടിമറിച്ചെന്നായിരുന്നു ആരോപണം. പരാതികള്‍ ഉയര്‍ന്നതോടെ മത്സരം റദ്ദാക്കുകയായിരുന്നു. വിധി നിര്‍ണയത്തിനെതിരെ യൂണിവേഴ്‌സിറ്റി കോളേജ് അപ്പീലും പരാതിയും നല്‍കിയതോടെ സംഘാടകര്‍ പൊലീസിനെ അറിയിച്ചു. ഷാജി ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് രാത്രി തന്നെ ഇവരെ ജാമ്യത്തില്‍ വിട്ടു. കൈക്കൂലി ആരോപണം വാസ്തവമല്ലെന്നും തന്നെ കുടുക്കിയതാണെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം.
നിരപരാധിയാണെന്ന് ആത്മഹത്യാക്കുറിപ്പ്
കിടപ്പുമുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. താന്‍ നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഷാജിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്നത്. നൃത്താധ്യാപകനായ ഷാജി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ വര്‍ഷങ്ങളായി പരിശീലിപ്പിക്കുന്നുണ്ട്.