ഗൗതം അദാനി | PHOTO: WIKI COMMONS
കൈക്കൂലി ആരോപണം; അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ അന്വേഷണം
കൈക്കൂലി ആരോപണത്തില്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അമേരിക്കന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഊര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി ബ്ലൂംബെര്‍ഗാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ റിന്യുവബിള്‍ കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിനെതിരെയും അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ അറ്റോര്‍ണി ഓഫീസും വാഷിങ്ടണിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫ്രോഡ് യൂണിറ്റുമാണ് കേസ് അന്വേഷിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ ഊര്‍ജ്ജ പദ്ധതിക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കാന്‍ പണം നല്‍കിയിട്ടുണ്ടോ എന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. അമേരിക്കന്‍ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള അധികാരത്തിലാണ് യുഎസ് ഉദ്യോഗസ്ഥരുടെ നിലവിലെ നടപടി.
ആരോപണവും അന്വേഷണ വിവരവും നിഷേധിച്ച് കമ്പനി
കമ്പനിക്കെതിരെയോ ചെയര്‍മാനെതിരെയോ കൈക്കൂലി ആരോപണത്തില്‍ അന്വേഷണം നടക്കുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് കമ്പനി മുന്നോട്ടുപോകുന്നതെന്നും അദാനി ഗ്രൂപ്പ് അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തെക്കുറിച്ച് യുഎസ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പുകളും നടത്തിയെന്നാരോപിച്ച് യു എസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ തട്ടിപ്പ് നടത്തിയതായും റിപ്പോര്‍ട്ട് പുറത്തുവന്നു. രഹസ്യമായി സ്വന്തം കമ്പനികളില്‍ നിക്ഷേപം നടത്തിയെന്നും നിഴല്‍ കമ്പനി വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നുമായിരുന്നു ആരോപണം. ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് ആണ് അദാനിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിക്കുകയായിരുന്നു.