
ആരോപണങ്ങൾ അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധി ഉന്നയിച്ച വാദങ്ങൾ "തെറ്റും അടിസ്ഥാനരഹിതവും" ആണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ട് ചോരി നടത്തുന്നവരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചത്.
"ശ്രീ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണ്. അദ്ദേഹം പറഞ്ഞതുപോലെ പൊതുജനങ്ങളിൽ ആർക്കും ഓൺലൈൻ വഴി ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ല." തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെ ഒരു വോട്ടറെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
കർണാടകയിലെ അലന്ത് നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയത്തിൽ 2023ൽ വ്യാജമായി വോട്ടർമാരെ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടന്നതായി കമ്മീഷൻ സമ്മതിച്ചു. എന്നാൽ അവയൊന്നും വിജയിച്ചില്ലെന്നും സംഭവം അന്വേഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ എഫ്‌ഐആർ ഫയൽ ചെയ്തതായും അറിയിച്ചു.


