
ജീന്‍സ് ധരിക്കാന്‍ അനുവാദം ലഭിച്ചു; മാഗ്നസ് കാള്‍സണ്‍ ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരിച്ചെത്തി
ഫിഡെ ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണ്‍ ലോക ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരിച്ചെത്തി. നേരത്തെ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡ്രസ് കോഡ് പാലിക്കാത്തതിനെ തുടര്‍ന്ന് കാള്‍സണ് ഫിഡെ പിഴ ചുമത്തുകയും റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, കാള്‍സണ്‍ ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌കരിച്ചിരുന്നു. നിലവിലെ ബ്ലിറ്റ്‌സ് ചാമ്പ്യനാണ് അദ്ദേഹം.
അഞ്ച് തവണ ലോകചാമ്പ്യനായിട്ടുള്ള കാള്‍സണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഡ്രസ് കോഡ് തെറ്റിച്ച് ജീന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ഫിഡെ 200 ഡോളറാണ് പിഴ ഈടാക്കിയത്. ഒമ്പതാം റൗണ്ടിലാണ് ചീഫ് ആര്‍ബിറ്ററായ അലെക്‌സ് ഹോളോവ്‌സാക്ക് പിഴ ചുമത്തിയത്.
ഉചിതമായ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ഫിഡെ അധികൃതരുടെ തീരുമാനങ്ങളില്‍ കൂടുതല്‍ അയവ് കൊണ്ടുവരുന്ന സമീപനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയാണ് ഫിഫയെന്ന് തലവന്‍ അര്‍കാഡി വോര്‍ക്കോവിച്ച് പറഞ്ഞു. ഫിഡെയുടെ വൈസ് പ്രസിഡന്റായ വിശ്വനാഥന്‍ ആനന്ദ് കാള്‍സണുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.