TMJ
searchnav-menu
post-thumbnail

TMJ Daily

മാർപ്പാപ്പയുടെ പ്രതിനിധി വരുന്നതിൽ പ്രതീക്ഷയെന്ന് അല്മായ മുന്നേറ്റം

17 Jun 2023   |   2 min Read
TMJ News Desk

റണാകുളം അതിരൂപതയിലെ വൈദീകരേയും വിശ്വാസികളേയും കേൾക്കാൻ മാർപ്പാപ്പയുടെ പ്രതിനിധിയെ ചുമതലപ്പെടുത്തുമെന്ന സിനഡ് തീരുമാനം പ്രതീക്ഷ നൽകുന്നതെന്ന് അല്മായ മുന്നേറ്റം അതിരൂപത സമിതി. മാർപ്പാപ്പയുടെ പ്രതിനിധിയേയും മെത്രാപ്പോലിത്തയേയും ആവശ്യമാണെന്ന് കർദിനാൾ ആലഞ്ചേരിയുടെ ഭൂമി കുംഭകോണത്തിന്റ നാൾ മുതൽ ആവശ്യപ്പെടുന്നതാണെന്ന് അൽമായ സമിതി വ്യക്തമാക്കി. 

നൂൺഷേയോടും ഓറിയന്റൽ കോൺഗ്രിയേഷനോടും കഴിഞ്ഞ അഞ്ചുവർഷമായി നിരന്തരം ആ കാര്യം ആവശ്യപ്പെട്ടെങ്കിലും നടന്നില്ലെന്നും ഇപ്പോഴത്തെ സിനഡ് തീരുമാനം സ്വാഗതം ചെയ്യുന്നു എന്നും സമിതി അറിയിച്ചു. എന്നാൽ മാർപ്പാപ്പയുടെ പ്രതിനിധിയുടെ രൂപത്തിൽ ആയാലും സ്വതന്ത്ര മെത്രാപ്പോലിത്തയുടെ രൂപത്തിൽ ആയാലും എറണാകുളം അതിരൂപത വിശ്വാസികളുടെയും വൈദികരുടെയും നിലപാടിന് വിരുദ്ധമായി എന്തെങ്കിലും അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി. കൂടാതെ സിനഡ് കുർബാനക്കായി ബസിലിക്ക തുറക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും അല്മായ മുന്നേറ്റം അറിയിച്ചു. 203 ദിവസമായി ബസിലിക്ക അടഞ്ഞു കിടക്കുകയാണ്. എറണാകുളം അതിരൂപതയിലെ വിശ്വാസികളെയും മുഴുവൻ വൈദികരെയും നേരിൽ കണ്ട് എറണാകുളം അതിരൂപതയുടെ നിലപാട് പൂർണ്ണമായി മനസിലാക്കി അത് സിനഡിനെയും വത്തിക്കാനെയും അറിയിച്ച മാർ ആന്റണി കരിയിലിനെ ഈ സിനഡ് ജീവനോടെ ക്രൂശിക്കുകയായിരുന്നു എന്നും സമിതി ആരോപിച്ചു. മൂന്ന് വർഷം മുൻപ് സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മെത്രാപ്പോലീത്തൻ വികാരിയായിരുന്നു മാർ ആന്റണി കരിയിൽ. എറണാകുളം അതിരൂപത വിഭജിക്കാനുള്ള കൽദായ മെത്രാൻ ലോബിയുടെ ആഗ്രഹത്തിൽ നിന്ന് സിനഡ് പിന്മാറിയതിനെയും അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു.

ആലഞ്ചേരിയും കത്തോലിക്കാസഭയും

തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്ന മതമേലദ്ധ്യക്ഷനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കാക്കനാട്, മരട് എന്നിവിടങ്ങളിലെ ഭൂമി വിൽപനയിൽ ക്രമക്കേട് നടത്തി സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ആലഞ്ചേരിക്കെതിരെ രൂക്ഷമാകുന്ന ആരോപണം. കേസിൽ ആലഞ്ചേരി അടക്കം 24 പേരാണ് പ്രതികളായി ഉള്ളത്. ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തിരിക്കുന്നത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അടുത്തിടെയാണ് ഭൂമിയിടപാട് സംബന്ധിച്ച കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജികൾ സുപ്രീംകോടതി തള്ളിയത്. കേസിൽ നടപടികൾ തുടരാനായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏകീകൃത കുർബാനയുടെ പേരിൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ സെന്റ് മേരീസ് ബസിലിക്കയ്ക്ക് മുന്നിൽ നടന്ന സംഘർഷങ്ങളും ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ഇക്കാരണങ്ങൾകൊണ്ടുതന്നെ കത്തോലിക്കാ സഭയിലെ വലിയ വിഭാഗം വിശ്വാസികൾ ആലഞ്ചേരിക്കെതിരെ രംഗത്തുണ്ട്.

#Daily
Leave a comment