എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്, സമരം പിൻവലിച്ചു.
അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വി എൻ വാസവനും കോളജിലെത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളായും ചർച്ച നടത്തുകയുണ്ടായി. ഇതോടെ കോളജിൽ വിദ്യാർത്ഥികൾ നടത്തിവന്ന സമരം പിൻവലിച്ചു. തിങ്കാളാഴ്ച കോളജ് തുറക്കാനും ധാരണയായി.
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളിൽ നടപടികൾ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പരാതി പരിഹാര സെൽ പരിഷ്‌കരിക്കും. നിലവിലെ ഹോസ്റ്റൽ വാർഡനെ മാറ്റി താല്കാലികമായി മറ്റൊരാളെ നിയമിക്കാനും തീരുമാനമായി. സമരത്തിൽ പങ്കെടുത്തതിന് വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകില്ലെന്നും അധികൃതർ വെളിപ്പെടുത്തി. കൂടുതൽ ഉന്നതതല ഉദ്യോഗസ്ഥർ കോളജിലെത്തി അന്വേഷണം നടത്തുമെന്നും സ്വാശ്രയ കോളജുകളിൽ അച്ചടക്കത്തിന്റെ പേരിൽ കുട്ടികൾ മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെ കാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചു. സംസ്ഥാന യുവജന കമ്മിഷനും സംഭവത്തിൽ കേസെടുത്ത് ജില്ലാ പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടി. വിദ്യാർത്ഥി സമരത്തിനു പരിഹാരം കാണാൻ ഗവ. ചീഫ് വിപ് എൻ. ജയരാജ് ഡിവൈഎസ്പി എം അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോളജിൽ നടന്ന ചർച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു. ചർച്ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാർത്ഥികൾ തടഞ്ഞു. പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. അധ്യാപകർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം കോളജ് കവാടങ്ങൾ അടച്ച് വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം സമരം നടത്തിയിരുന്നു. പിന്നീട് ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വിട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂൺ ഒന്നിനു രാവിലെ കോളജിലേക്ക് പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോട് പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയിൽ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നെന്നും സഹപാഠികൾ പറഞ്ഞതായും പിതാവ് മൊഴി നല്കി.
വിദ്യാർത്ഥിനിയുടെ ആത്മഹത്യ, പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
തൃപ്പൂണിത്തുറ സ്വദേശിനി ശ്രദ്ധ സതീഷാണ് ജൂൺ രണ്ടിന് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയത്. രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയായിരുന്നു. കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടി തല കറങ്ങി വീണതാണെന്നാണ് കോളജ് അധികൃതർ ഡോക്ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർത്ഥികളും ബന്ധുക്കളും ആരോപിക്കുന്നു. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
പ്രതിഷേധത്തെത്തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയണമെന്ന് അധികൃതർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടെങ്കിലും നിർദേശം വിദ്യാർത്ഥികൾ തള്ളി. ശ്രദ്ധയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. അതിനിടെ ഹോസ്റ്റൽ വാർഡനെയും ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് മേധാവിയെയും ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ടായിരുന്നു.