
122 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പില്‍ ആമസോണ്‍ മഴക്കാടിലെ പുഴ
വരള്‍ച്ച മൂലം ബ്രസീലിലെ ആമസോണ്‍ മഴക്കാടിലെ പുഴയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 1902നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ജലനിരപ്പ്. ആമസോണ്‍ കാടുകളിലെ തുറമുഖ നഗരമായ മനൗസിലാണ് ഏറ്റവും കുറഞ്ഞ ജലനിരപ്പ് രേഖപ്പെടുത്തിയത്. മനൗസിലെ റിയോ നീഗ്രോ നദിയിലാണ് ജലനിരപ്പ് അളന്നത്. വരള്‍ച്ച ജലഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ജലഗതാഗതങ്ങളിലൂടെ അവശ്യസാധനങ്ങള്‍ക്കായി ആശ്രയിക്കുന്ന നഗരവാസികള്‍ ഇത് മൂലം കഷ്ടതയനുഭവിക്കുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ മഴക്കാലത്ത് പോലും വളരെ കുറച്ച് മഴ മാത്രമാണ് ആമസോണ്‍ മഴക്കാടുകളിലും ദക്ഷിണ അമേരിക്കയിലും ലഭിച്ചത്. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും വലിയ കാട്ടുതീ ബ്രസീലിനെയും ബൊളീവിയെയും ബാധിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇതിനെല്ലാം മൂലകാരണമെന്ന് കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നു. 2026 വരെ ആമസോണ്‍ മഴക്കാടുകള്‍ക്ക് ഈര്‍പ്പത്തിന്റെ അളവുകള്‍ വീണ്ടെടുക്കാനാവില്ലെന്ന് ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടു.
ദക്ഷിണ അമേരിക്കയിലെ മിക്ക ഭരണാധികാരികളും സാഹചര്യങ്ങള്‍ വിലയിരുത്തി ജാഗരൂകരാണ്. വരള്‍ച്ച ശക്തമായി ബാധിച്ച 62ഓളം മുനിസിപ്പാലിറ്റികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അരലക്ഷത്തോളം ആളുകളെ ഇത് ബാധിച്ചുവെന്നാണ് കണക്കുകള്‍. 120 വര്‍ഷത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് മനൗസ് തുറമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തുറമുഖ നടത്തിപ്പിന്റെ തലവന്‍ വാല്‍മീര്‍ മെന്‍ഡോന്‍ക പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ജലനിരപ്പ് വീണ്ടും താഴ്‌ന്നേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഒക്ടോബര്‍ നാലിന് 12.66 മീറ്ററാണ് മനൗസ് തുറമുഖത്തില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. പ്രതീക്ഷിച്ച മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം വരള്‍ച്ച മൂലം നേരിട്ട അതേ ദുരിതങ്ങള്‍ ഈ വര്‍ഷവും തുടരും. വരള്‍ച്ച ജലവൈദ്യുത ഉല്‍പാദനകേന്ദ്രങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്. ദക്ഷിണ അമേരിക്കയിലെ പരാഗ്വേ നദിയും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലാണ്. ബ്രസീലില്‍ ഉല്‍ഭവിച്ച് പരാഗ്വേയിലും അര്‍ജന്റീനയിലൂടെയും ഒഴുകി അറ്റ്ലാന്റിക് കടലിലാണ് പരാഗ്വേ നദി ചെന്നുചേരുന്നത്.