
അരക്കോടി ഇന്ത്യാക്കാര്‍ക്ക് യുഎസ് വിസയുണ്ടെന്ന് അംബാസിഡര്‍
നിലവില്‍ 50 ലക്ഷം ഇന്ത്യാക്കാര്‍ യുഎസ് വിസാ ഉടമകളായി ഉണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. താന്‍ ഇന്ത്യയില്‍ അംബാസിഡറായിരുന്ന കാലയളവില്‍ വിസകളുടെ എണ്ണത്തില്‍ 60% വര്‍ദ്ധനവ് ഉണ്ടായിയെന്ന് എറിക് പറഞ്ഞു.
യുഎസ് സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷം പത്ത് ലക്ഷം കുടിയേറ്റ-ഇതര വിസകള്‍ ഇന്ത്യാക്കാര്‍ക്കായി അനുവദിച്ചു. സന്ദര്‍ശക വിസകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായത്. എല്ലാ തരം വിസകളും അനുവദിക്കാന്‍ എടുത്തിരുന്ന സമയത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ പഠനത്തിനായി എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സര്‍വകലാശാലകളിലെ നാല് വിദേശ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇന്ത്യാക്കാരനാണ്.
അമേരിക്കയില്‍ ചുമതലയേല്‍ക്കാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം കുടിയേറ്റ വിരുദ്ധ നടപടികള്‍ സ്വീകരിക്കുമെന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അംബാസിഡറുടെ വെളിപ്പെടുത്തല്‍. എറിക് ഗാര്‍സെറ്റിയുടെ ഇന്ത്യയിലെ കാലാവധി താമസിയാതെ അവസാനിക്കും.