PHOTO: PTI
ഹൂതികള്‍ക്കുനേരെ ആക്രമണവുമായി അമേരിക്കയും ബ്രിട്ടനും; പ്രത്യാക്രമണം പ്രഖ്യാപിച്ച് ഹൂതികള്‍
യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും. ഹൂതി കേന്ദ്രങ്ങളായ ധമര്‍, സദാ തുടങ്ങി പത്തിടങ്ങളിലാണ് ആക്രമണം നടത്തിയത്. തിരിച്ചടിക്കുമെന്ന് ഹൂതികളും വ്യക്തമാക്കി. ചെങ്കടലില്‍ ഹൂതികള്‍ ചരക്കു കപ്പലുകള്‍ക്കുനേരെ ആക്രമണം തുടര്‍ന്ന സാഹചര്യത്തിലാണ് അമേരിക്കയും ബ്രിട്ടനും രംഗത്തുവന്നത്. ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയത്.
ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഹൂതി വിമതര്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടണ്‍, ജപ്പാന്‍ തുടങ്ങി 12 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കൂടാതെ കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സംയുക്ത സൈനിക നടപടിയിലേക്ക് നീങ്ങുന്നതായി മന്ത്രിസഭാ അംഗങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയും ബ്രിട്ടനും ആക്രമണവുമായി രംഗത്തുവന്നത്.
ആക്രമണത്തിനുള്ള മറുപടി
യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് ഒരേസമയം ഹൂതികള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. യെമനിലെ ഹൂതി താവളങ്ങള്‍ കേന്ദ്രമാക്കി അതിശക്തമായ ആക്രമണമാണ് നടന്നത്. ഹൂതികളുള്ള ആളില്ലാ വിമാനം, കോസ്റ്റല്‍ റഡാര്‍, വ്യോമനിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹൂതികളുടെ ആവര്‍ത്തിച്ചുള്ള ആക്രമണത്തിനുള്ള മറുപടിയാണ് സൈനിക നടപടിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനകും പറഞ്ഞു. ചെങ്കടലിലെ ആക്രമണങ്ങള്‍ക്കുതക്ക മറുപടി ഹൂതികള്‍ക്ക് നല്‍കുന്നതിനുവേണ്ടിയാണ് പ്രത്യാക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
പ്രത്യാക്രമണം പ്രഖ്യാപിച്ച് ഹൂതികള്‍
ഇസ്രയേലിന്റെ ഗാസ അധിനിവേശത്തില്‍ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികള്‍ ചെങ്കടലിലൂടെയുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത്. യുഎസിന് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കു നേരെയും തിരിച്ചടി ഉണ്ടാകുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ഇതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലാണ്.
ഡിസംബര്‍ 19നു ശേഷം 27 തവണ ചരക്കു കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്കുനേരെയും ആക്രമണം നടന്നു. ആക്രമണങ്ങള്‍ രൂക്ഷമായതിനു പിന്നാലെ ചെങ്കടല്‍ വഴിയുള്ള കപ്പലുകളുടെ യാത്രയും താല്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതോടെ പല കപ്പലുകളും പരമ്പരാഗതമായി ഉപയോഗിച്ചുവന്ന കപ്പല്‍പാത ഉപേക്ഷിച്ച് ആഫ്രിക്കയെ ചുറ്റിയുള്ള ദീര്‍ഘദൂര പാതയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്ടത്തിനും ചരക്കുകൈമാറ്റം വൈകുന്നതിനും കാരണമായി.