TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

മെസ്സിക്കായി മയാമി ഒരുങ്ങുന്നു

13 Jul 2023   |   2 min Read
TMJ News Desk

വര്‍ഷം പി.എസ്.ജി വിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമി. മേജര്‍ സോക്കര്‍ ലീഗിലെ പല ക്ലബ്ബുകളിലേക്കും ഇതിന് മുന്നേ പല താരങ്ങളും എത്തിയിട്ടുണ്ടെങ്കിലും ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി മെസ്സിയുടെ ട്രാന്‍സ്ഫറിനെ കാണാം. ഇന്നലെ മെസ്സിയും കുടുംബവും ഫ്ളോറിഡയില്‍ വിമാനമിറങ്ങിയതോടെ കൂടുതല്‍
ആവേശത്തിലെത്തിയിരിക്കുകയാണ് ആരാധകര്‍.
ക്ലബ്ബുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഞായറാഴ്ചയായിരിക്കും താരത്തെ ക്ലബ്ബ് ഔദ്യോഗികമായി അവതരിപ്പിക്കുക.

ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.വി.ആര്‍ പാര്‍ക്ക് സ്റ്റേഡിയത്തിലായിരിക്കും സൂപ്പര്‍ താരത്തെ അവതരിപ്പിക്കുന്നത്. മയാമിയിലെ തെരുവുകളിലും ചുവരുകളിലും പോസ്റ്ററുകളുടെയും കട്ട് ഔട്ടുകളുടെയും രൂപത്തില്‍ മെസ്സി സ്ഥാനം പിടിച്ച് കഴിഞ്ഞു. രണ്ട് ദിവസം മുന്നേ ക്ലബ്ബിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ 'സേവ് ദ ഡേറ്റ്' എന്ന പേരില്‍ താരത്തെ അവതരിപ്പിക്കുന്ന പരുപാടിയുടെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മയാമി ആരാധകര്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ എടുത്ത് തുടങ്ങിയത്. ഈ വര്‍ഷം പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച താരത്തെ ഫ്രീ  ഏജന്റായിട്ടാണ് ലീഗില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ഇന്റര്‍ മയാമി സൈന്‍ ചെയ്തത്. ബാഴ്സലോണയിലേക്ക് തിരിച്ച് പോകാനാണ് താരം ശ്രമിച്ചതെങ്കിലും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ ഇതിന് തടസ്സമായി വരികയായിരുന്നു.

സൗദി ലീഗിലെ വന്‍ ഓഫറുകളുള്‍പ്പടെ വന്നെങ്കിലും താരത്തിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന് കൂടി ഉടമസ്ഥതാവകാശമുള്ള ഇന്റര്‍ മയാമി മെസ്സിയുമായി ധാരണയിലെത്തുന്നത്. രണ്ടര വര്‍ഷത്തേക്ക് ക്ലബ്ബുമായി കരാറിലെത്തുന്ന താരത്തിന്റെ വാര്‍ഷിക വരുമാനം 6 കോടി യു.എസ് ഡോളറായിരിക്കും, അതായത് ഏകദേശം 492 കോടി രൂപ. ശമ്പളത്തിന് പുറമെ പല തരത്തിലുള്ള കരാറുകളും ക്ലബ്ബുമായി മെസ്സി ഒപ്പ് വച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. ലീഗ്സ് കപ്പിലായിരിക്കും മെസ്സി മയാമിക്കായി അരങ്ങേറുന്നത്. 21 ന് മെക്സിക്കന്‍ ക്ലബ്ബ് ക്രൂസ് അസൂളുമായാണ് മത്സരം.   

മെസ്സിക്ക് പിന്നാലെ ബുസ്‌കെറ്റ്സും

മെസ്സിയെ മാത്രമല്ല ഈ വര്‍ഷം മയാമി ടീമിലെത്തിക്കുന്നത്, മെസ്സിയുടെ കൂടെ ദീര്‍ഘകാലം കളിച്ച ബാഴ്സലോണയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്‌കെറ്റ്സും ഈ വര്‍ഷം ടീമിലെത്തുന്നുണ്ട്. ബാഴ്സയില്‍ നിന്നും ഈ വര്‍ഷം വിട പറഞ്ഞ അവരുടെ ക്യാപ്റ്റനെയും മയാമി ടീമിലെത്തിക്കുമ്പോള്‍ ആരാധകര്‍ ഇരട്ടി ആവേശത്തിലാണ്. ബുസ്‌കെറ്റ്സിനെ സൈന്‍ ചെയ്യുന്ന കാര്യവും ഇന്റര്‍ മയാമി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മെസ്സിയെയും ബുസ്‌കെറ്റ്സിനെയും കൂടാതെ ജോര്‍ദി ആല്‍ബ, സെര്‍ജിയോ റാമോസ് എന്നിവരെ ടീമിലെത്തിക്കുന്നതിനായും ക്ലബ്ബ് ശ്രമിച്ച് കൊണ്ടിരിക്കുന്നു.

പുതിയ കോച്ച്

പല വമ്പന്‍ താരങ്ങളും മയാമിയില്‍ എത്തുന്നതോടെ പുതിയ കോച്ചിനെയും ക്ലബ്ബ് കണ്ട് പിടിച്ചിട്ടുണ്ട്. മെസ്സിയെ ഇതിന് മുന്നേ ബാഴ്സയിലും ദേശീയ ടീമിലും പരിശീലിപ്പിച്ച ജെറാര്‍ഡോ മാര്‍ട്ടിനോയാണ് ഇനി മുതല്‍ ഇന്റര്‍ മയാമിയെ പരിശീലിപ്പിക്കുക. നേരത്തെ തന്നെ മാര്‍ട്ടിനോ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്.


#Daily
Leave a comment