
ട്രംപിനെതിരെ പ്രതിഷേധ പ്രകടനവുമായി യുഎസുകാര്‍ തെരുവില്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആയിരക്കണക്കിന് യുഎസുകാര്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനമേറ്റതിനുശേഷം ട്രംപ് നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് അമേരിക്കയില്‍ നടന്നത്.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലുമായി 1,200 ഇടങ്ങളില്‍ ഹാന്‍ഡ്‌സ് ഓഫ് എന്ന പേരില്‍ പ്രതിഷേധ റാലികള്‍ ശനിയാഴ്ച്ച സംഘടിപ്പിച്ചു. ബോസ്റ്റണ്‍, ചിക്കാഗോ, ലോസ് ഏഞ്ചലസ്, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു.
സാമൂഹിക വിഷയങ്ങളില്‍ മുതല്‍ സാമ്പത്തിക രംഗത്ത് വരെ ട്രംപ് നടപ്പിലാക്കുന്ന അജണ്ടയ്‌ക്കെതിരെ പ്രതിഷേധം നടന്നു. യുഎസിനെ കൂടാതെ ലണ്ടന്‍, പാരീസ്, ബര്‍ലിന്‍ തുടങ്ങിയ വിദേശ നഗരങ്ങളിലും ട്രംപിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.
യുഎസ് സര്‍വകലാശാലകളില്‍ നടക്കുന്ന കുടിയേറ്റ വിരുദ്ധ റെയ്ഡുകള്‍ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നത് ബോസ്റ്റണിലെ ചില പ്രതിഷേധക്കാര്‍ പറഞ്ഞു.
അയാളൊരു മണ്ടന്‍, ആളുകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. യുഎസില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഡെമോക്രാറ്റിക് എംപിമാര്‍ ട്രംപ് ഭരണകൂടത്തില്‍ ഇലോണ്‍ മസ്‌കിനെ പോലുള്ള ശതകോടീശ്വരന്‍മാരുടെ സ്വാധീനം ചൂണ്ടിക്കാണിച്ചു.
നമ്മുടെ സര്‍ക്കാരിനെ ശതകോടീശ്വരന്‍മാര്‍ വിഴുങ്ങിയെന്ന് ഫ്‌ളോറിഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം മാക്‌സ്വെല്‍ ഫ്രോസ്റ്റ് പറഞ്ഞു. നിങ്ങള്‍ ജനങ്ങളില്‍ നിന്നും കൊള്ളയടിക്കുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തെ പ്രതീക്ഷിക്കുക. ബാലറ്റ് ബോക്‌സിലും, തെരുവികളിലും എന്ന് അദ്ദേഹം പറഞ്ഞു.