TMJ
searchnav-menu
post-thumbnail

TMJ Daily

സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രം നിരൂപണം, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അമിക്കസ് ക്യൂറി

13 Mar 2024   |   1 min Read
TMJ News Desk

സിനിമാ റിവ്യൂവര്‍മാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രം വ്‌ളോഗര്‍മാര്‍ നിരൂപണം ചെയ്യണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. സിനിമയുടെ ഉള്ളടക്കം സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഷയും പരാമര്‍ശങ്ങളും ഒഴിവാക്കുക തുടങ്ങി പത്തോളം നിര്‍ദേശങ്ങളോടുകൂടിയ റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 

റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2022 ല്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ക്ക് അനുസൃതമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയാ നിരൂപകര്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളെ തകര്‍ക്കുകയാണെന്ന് ആരോപിച്ച് ചില സിനിമാ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയ സമീപിച്ചതോടെയാണ് വിഷയം പഠിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അമിക്കസ് ക്യൂറിയെ നിയമിക്കുന്നത്. സിനിമാ നിരൂപണം ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട പെരുമാറ്റചട്ടങ്ങള്‍ തയ്യാറാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചില റിവ്യൂവര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സിനിമയെക്കുറിച്ച് നിരൂപണങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. സിനിമാ നിര്‍മ്മാതാക്കളെയും നടീനടന്‍മാരെയും മറ്റ് പ്രവര്‍ത്തകരെയും മോശമായി ബാധിക്കുന്ന രീതിയിലുള്ള ഭാഷാ പ്രയോഗങ്ങള്‍ പാടില്ലെന്നും നിര്‍ദേശിക്കുന്നു. സിനിമയുടെ പ്രധാന പ്ലോട്ടുകള്‍, കഥാസാരം എന്നിവ വെളിപ്പെടുത്താതെയുള്ള ക്രിയാത്മക നിരൂപണം മാത്രം നടത്തുക, പറയുന്ന കാര്യങ്ങളുടെ കൃത്യത ഉറപ്പാക്കുക, കോപ്പിറൈറ്റ് നിയമങ്ങള്‍, സ്വകാര്യത എന്നിവ പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉണ്ട്.


#Daily
Leave a comment