TMJ
searchnav-menu
post-thumbnail

TMJ Daily

അമിത് ഷായുടെ ജീവിതം സ്‌കൂളില്‍ പഠിപ്പിക്കണം; എന്‍സിഇആര്‍ടിക്ക് കത്ത്

18 Feb 2025   |   1 min Read
TMJ News Desk

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജീവിതത്തെക്കുറിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കി സ്‌കൂളുകള്‍ക്ക് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എന്‍സിഇആര്‍ടിയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഗവേഷണ, പരിശീലനത്തിനായുള്ള ദേശീയ കൗണ്‍സില്‍ എന്ന എന്‍സിഇആര്‍ടിയാണ് രാജ്യത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കാനുള്ള ഉന്നതാധികാര സമിതി.

ഗൊരഖ്പൂരിലെ അമിത് ഷാ യൂത്ത് ബ്രിഗേഡിന്റെ പ്രസിഡന്റായ എസ് കെ ശുക്ല നല്‍കിയ അപേക്ഷയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് എന്‍സിഇആര്‍ടിക്ക് പരിഗണിക്കുന്നതിനായി നല്‍കിയെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഭരണകൂടത്തിലെ അതിശക്തനായ രണ്ടാമത്തെ വ്യക്തിയാണ് ഷാ. മോഡിയുടെ പിന്‍ഗാമിയായി ബിജെപിയിലുള്ളവര്‍ ഷായെ കാണുന്നുണ്ട്. അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്നും ശക്തമായ വെല്ലുവിളി ഷാ നേരിടുന്നുണ്ട്. ആദിത്യനാഥിന്റെ നാടായ ഗൊരഖ്പൂരില്‍ തന്നെയാണ് അമിത് ഷാ യൂത്ത് ബ്രിഗേഡിന്റെ ആസ്ഥാനവും.

അമിത് ഷായുടെ ജീവിതം സ്‌കൂളില്‍ പഠിപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുത്തശേഷം യൂത്ത് ബ്രിഗേഡിനെ നേരിട്ട് എന്‍സിഇആര്‍ടി അറിയിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന്  കത്തയച്ചുവെന്ന് ശുക്ല സ്ഥിരീകരിച്ചു.





#Daily
Leave a comment