PHOTO: PTI
നിയമങ്ങളില്‍ അടിമുടി മാറ്റവുമായി കേന്ദ്രം
ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന മൂന്ന് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് വെള്ളിയാഴ്ച അമിത് ഷാ അവതരിപ്പിച്ചത്. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക് വിടുമെന്ന് അമിത് ഷാ വ്യക്തമാക്കി.
പുതിയ മാറ്റങ്ങള്‍
ഇന്ത്യന്‍ പീനല്‍ കോഡ് നിയമങ്ങളെ പുനഃപരിശോധിക്കുന്ന ബില്ലില്‍ നിലവിലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 -ാം വകുപ്പ് ഒഴിവാക്കുന്നതാണ് മാറ്റങ്ങളിലൊന്ന്. 377-ാം വകുപ്പ് പ്രകാരം 'പ്രകൃതി നിയമത്തിന് വിരുദ്ധമായി ഏതെങ്കിലും പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ സ്വമേധയാ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്, ജീവപര്യന്തം അല്ലെങ്കില്‍ പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. നിലവില്‍, പുരുഷന്മാര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സെക്ഷന്‍ 377-ന്റെ പരിധിയിലാണ് വരുന്നത്. രാജ്യദ്രോഹകുറ്റത്തിനുള്ള ശിക്ഷയില്‍ മാറ്റം വരുത്തുമെന്നും അമിത് ഷാ അറിയിച്ചു. റദ്ദാക്കുന്ന രാജ്യദ്രോഹ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ക്കായുള്ള സെക്ഷന്‍ 150 ല്‍ നിലനിര്‍ത്തും. നിലവില്‍ രാജ്യദ്രോഹ കുറ്റത്തിന് ജീവപര്യന്തമോ മൂന്നു വര്‍ഷം വരെ തടവോ ആണ് ശിക്ഷയായി ലഭിക്കുന്നത്. ഈ മൂന്ന് വര്‍ഷത്തെ തടവ് 7 വര്‍ഷമാക്കുന്നതാണ് പുതിയ വ്യവസ്ഥ.'ആരെങ്കിലും, മനഃപൂര്‍വ്വം വാക്കുകളിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ, സാമ്പത്തിക മാര്‍ഗങ്ങളിലൂടെയോ, ഭിന്നിപ്പിക്കാനോ, സായുധ കലാപം/ അട്ടിമറിക്ക് ശ്രമിക്കുകയോ ചെയ്താല്‍ ജീവപര്യന്തം തടവിനോ ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവിനോ ശിക്ഷിക്കപ്പെടും.
ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ.
ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ വധശിക്ഷ വരെ നല്‍കാം എന്ന് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. അത്തരം കുറ്റകൃത്യങ്ങള്‍ സൂക്ഷ്മമായി പഠിച്ചതിന് ശേഷമാണ് നടപടി സ്വീകരിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. ബലാത്സംഗത്തിനുള്ള ശിക്ഷയില്‍ മാറ്റം വരുത്താനും പുതിയ ബില്ലുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിച്ചവരുടെ മൊഴിയുടെ വീഡിയോ റെക്കോര്‍ഡിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ബില്ല് പ്രകാരം തെറ്റായ വിവാഹ വാഗ്ദാനത്തിലൂടെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന പുതിയ വ്യവസ്ഥ നിലവില്‍ വരും. പതിനെട്ട് വയസില്‍ താഴെയല്ലാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ലയെന്നും ബില്ലില്‍ പറയുന്നു.