
‘അമ്മ’ വോട്ടെടുപ്പ് ഇന്ന്
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ വച്ച് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് വൈകീട്ടോടെ ഫലപ്രഖ്യാപനവും ഉണ്ടാവും. 233 വനിതകൾ ഉള്ള 507 ജനറൽ ബോഡി അംഗങ്ങൾക്കാണ് വോട്ട് ചെയ്യാൻ യോഗ്യത. പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനുമാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ അൻസിബ ഹസ്സൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തുന്നുണ്ടാവില്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സമയത്താണ് മോഹൻലാൽ നേതൃത്വം വഹിച്ച ഭരണസമിതി കഴിഞ്ഞ വർഷം ഓഗസ്റ്റ് 27ന് രാജി വച്ച് ഒഴിഞ്ഞത്. ശേഷം അഡ്ഹോക്ക് കമ്മിറ്റിയാണ് 'അമ്മ' നേതൃത്വത്തിലുണ്ടായിരുന്നത്.


