അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിനാല് വയസുകാരനാണ് രോഗബാധയുണ്ടായിരിക്കുന്നത്. രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്‌കജ്വര കേസാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 5 നാണ് രോഗബാധയെ തുടര്‍ന്ന് ഫറോക്ക് സ്വദേശിയായ 13 വയസുകാരന്‍ മരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
രണ്ട് മാസത്തിനിടെ മൂന്നാമത്തെ മരണം
കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഇ പി മൃദുല്‍ ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഫാറൂഖ് കോളേജിന് സമീപത്തെ അച്ചംകുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഫറോക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മൃദുല്‍.ജൂണ്‍ 12 നാണ് കണ്ണൂര്‍ സ്വദേശിയായ പതിമൂന്ന് വയസുകാരി വി ദക്ഷിണ രോഗബാധയെ തുടര്‍ന്ന് മരിക്കുന്നത്. പഠനയാത്രക്ക് പോയ കുട്ടി മൂന്നാറിലെ സ്വിമ്മിങ് പൂളില്‍ കുളിച്ചതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മെയ് 20 നാണ് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഫദ്വ മരിക്കുന്നത്. കടലുണ്ടിപ്പുഴയിലെ പാറക്കല്‍ കടവില്‍ കുളിച്ചതോടെയാണ് കുട്ടിയ്ക്ക് അസുഖം പിടിപെടുന്നത്.
അമീബിക് മസ്തിഷ്‌കജ്വരം
നെഗ്ലേരിയ ഫൗലെറി എന്ന അമീബയാണ് അമീബിക് മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്നത്. ഈ അമീബയുടെ സാന്നിധ്യമുള്ള വെള്ളം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. കെട്ടികിടക്കുന്ന വെള്ളത്തില്‍ കുളിക്കുമ്പോഴാണ് പ്രധാനമായും അമീബ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇത് നേരിട്ട് മസ്തിഷ്‌കത്തെയും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ മെനിഞ്ചസിനെയും ബാധിക്കും. അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നത്. കടുത്ത പനി, തലവേദന, ഛര്‍ദി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയും അനുഭവപ്പെടും.