REPRESENTATIONAL IMAGE: WIKI COMMONS
സര്‍ക്കാര്‍ ജീവനക്കാരില്‍ 1389 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍, കൂടുതല്‍ പേര്‍ പൊലീസ് സേനയില്‍
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാരില്‍ 1389 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ പേര്‍ പൊലീസ് സേനയില്‍. 770 പൊലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളത്. ഇതില്‍ 17 പേരെ പലപ്പോഴായി സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്നും 188 ജീവനക്കാരും തദ്ദേശവകുപ്പില്‍ നിന്ന് 53 പേരുമാണ് അഞ്ച് വര്‍ഷത്തിനിടെ പ്രതികളായിട്ടുള്ളത്. അനധികൃത സ്വത്തുസമ്പദാനം, കൈക്കൂലി, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളില്‍ തദ്ദേശസ്വയംഭരണവകുപ്പിലെ 216 ജീവനക്കാരാണ് പ്രതികളായിട്ടുള്ളത്.
വിജിലന്‍സ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത് 1028 പേര്‍
1028 ജീവനക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ വിജിലന്‍സ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 195 കേസുകളിലാണ്. 14 കേസുകളിലാണ് വകുപ്പ് തലത്തില്‍ നടപടികള്‍ സ്വീകരിച്ചത്. 22 പേര്‍ക്കെതിരെ ട്രിബ്യൂണല്‍ എന്‍ക്വയറി നടക്കുന്നുണ്ട്. 1028 കേസുകളില്‍ 70 കേസുകള്‍ തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായ കേസുകളില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനും, ഓരോ വകുപ്പും ക്രിമിനല്‍ കേസില്‍പ്പെട്ട ജീവനക്കാരുടെ രജിസ്ട്രര്‍ സൂക്ഷിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.