
മണപ്പുറത്തെ അമേരിക്കന്‍ നിക്ഷേപക സ്ഥാപനം ഏറ്റെടുക്കുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ മണപ്പുറം ഫിനാന്‍സിനെ അമേരിക്കന്‍ നിക്ഷേപക സ്ഥാപനം ഏറ്റെടുക്കുന്നു.
തൃശൂര്‍ വലപ്പാട് ആസ്ഥാനമായുള്ള സ്വര്‍ണപ്പണയ സ്ഥാപനമായ മണപ്പുറത്തിനെ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റലാണ് ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. അടുത്ത ആഴ്ച്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടാകും.
1949ല്‍ തൃശൂര്‍ വലപ്പാട് സ്വദേശിയായ വി സി പത്മനാഭന്‍ ആരംഭിച്ച സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ അദ്ദേഹത്തിന്റെ മകന്‍ വി പി നന്ദകുമാറിനും കുടുംബത്തിനും കൂടി 35.25 ശതമാനം ഓഹരിയുണ്ട്. 6,090 കോടി രൂപ മൂല്യമുണ്ട്.
ഇതില്‍ 25 ശതമാനത്തോളം ഓഹരി നന്ദകുമാര്‍ വില്‍ക്കുമെന്നാണ് വാര്‍ത്ത. പത്ത് ശതമാനത്തോളം ഓഹരികള്‍ അദ്ദേഹം കൈവശം സൂക്ഷിക്കും. കൂടാതെ, അദ്ദേഹം മണപ്പുറത്തിന്റെ എംഡിയും സിഇഒയുമായി തുടര്‍ന്നേക്കും. ഈ വില്‍പന നടക്കുന്നതോടെ ഓപ്പണ്‍ ഓഫറിലൂടെ മറ്റ് ഓഹരി ഉടമകളില്‍ നിന്നും 26 ശതമാനം ഓഹരികള്‍ ബെയിന്‍ ക്യാപിറ്റലിന് ഏറ്റെടുക്കാന്‍ അരങ്ങൊരുങ്ങും. 46 ശതമാനം ഓഹരികള്‍ ബെയിനിന്റെ പക്കല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ഓഹരി വിലയേക്കാള്‍ 20 ശതമാനത്തിലേറെ പ്രീമിയത്തിന് ഓഹരികള്‍ വാങ്ങുന്നതിനാല്‍ 10,000 കോടി രൂപ വരെ ബെയിന്‍ ചെലവഴിക്കും.