രാജ്യപുരോഗതിക്കു വേണ്ടത് വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയെ; ജയിലില്‍ നിന്ന് മനീഷ് സിസോദിയയുടെ കത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ അഭാവം രാജ്യത്തിന് അപകടകരമെന്ന് ഡല്‍ഹി മുന്‍ വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ. രാജ്യപുരോഗതിക്കായി വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു പ്രധാനമന്ത്രി വേണമെന്നും ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സിസോദിയ രാജ്യത്തെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ പറയുന്നു.
"രാജ്യത്തിന്റെ തലപ്പത്ത് വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയുണ്ടാവുക എന്നത് ഏറ്റവും അപകടകരമാണ്. ശാസ്ത്രത്തെക്കുറിച്ചോ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ മോദിക്ക് അറിയില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ 60,000 സ്‌കൂളുകളാണ് അടച്ചുപൂട്ടിയത്. വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ രാജ്യം പുരോഗതി പ്രാപിക്കുമോ? ഇന്ത്യയുടെ പുരോഗതിക്കായി വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രിയാണ് വേണ്ടത്. ഇന്നത്തെ യുവാക്കള്‍ അഭിലാഷമുള്ളവരാണ്. അവര്‍ പലതും നേടാന്‍ ആഗ്രഹിക്കുന്നു. അവര്‍ അവസരങ്ങള്‍ തേടുന്നു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ യുവത ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ ഒരു പ്രധാനമന്ത്രിക്ക് ഇന്നത്തെ യുവാക്കളുടെ അഭിലാഷം നിറവേറ്റാനുള്ള ശേഷിയുണ്ടോ?" എന്നും സിസോദിയ കത്തില്‍ ചോദിക്കുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ ട്വിറ്ററിലൂടെയാണ് കത്ത് പങ്കുവച്ചിരിക്കുന്നത്.