
പുതിയ പോപ്പിനെ തിരഞ്ഞെടുക്കുംവരെ വത്തിക്കാനെ നയിക്കുന്നത് ഐറിഷ്-യുഎസ് വംശജന്‍
മസ്തിഷ്കാഘാതവും ഹൃദയസ്തംഭനവും മൂലം കാലംചെയ്ത ഫ്രാന്‍സിസ് മാർപാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ കത്തോലിക്ക സഭയെ നയിക്കുന്നത് ഐറിഷ്-അമേരിക്കന്‍ വംശജനായ കര്‍ദിനാല്‍ കെവിന്‍ ഫാരല്‍.
ഫ്രാന്‍സിസ് മാർപാപ്പ കെവിനിനെ കാമര്‍ലെന്‍ഗോയായി നിയോഗിച്ചത് 2019ലാണ്. പോപ്പ് മരിക്കുകയോ സ്ഥാനത്യാഗം ചെയ്യുകയോ ചെയ്യുമ്പോള്‍ അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ വത്തിക്കാനിലെ ഭരണം നടത്തുന്ന വ്യക്തിയാണ് കാമര്‍ലെന്‍ഗോ.
ഈ കാലയളവ് അറിയപ്പെടുന്നത് അപ്പോസ്റ്റോലിക്ക സെഡെസ് വേക്കന്‍സ് എന്നാണ്.
ഇന്നലെ റോമിലെ പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ഫ്രാന്‍സിസ് മാർപാപ്പ അന്തരിച്ചത്. കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ തന്നെയാണ് മാർപാപ്പയുടെ മരണ വിവരം പുറംലോകത്തെ അറിയിച്ചത്.
1947ല്‍ അയര്‍ലണ്ടിലെ ഡബ്ലിനിലാണ് കെവിന്‍ ഫാരല്‍ ജനിച്ചത്. 77 വയസ്സ് പ്രായമുള്ള കെവിന്‍ 30 വര്‍ഷത്തിലധികമായി യുഎസിലെ വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിച്ചു വരികയാണ്. 2007ല്‍ ഡള്ളാസ്സിലെ ബിഷപ്പായി നിയമിതനായി. ഫ്രാന്‍സിസ് മാർപാപ്പ 2016ല്‍ കുടുംബങ്ങള്‍ക്കുള്ള പാസ്റ്ററല്‍ കെയര്‍ വകുപ്പിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു.
പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതിന്റെ ചുമതലയും കെവിന്‍ ഫാരലിനാണ്.