
റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടര്‍ കാണാതായി
റഷ്യയില്‍ 22 പേരുമായി യാത്ര ചെയ്ത ഹെലികോപ്ടര്‍ കാണാതായി. റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി അറിയിച്ചു. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. വച്ച്കസെറ്റ്‌സ് അഗ്നിപര്‍വ്വതത്തിന് സമീപത്തുവച്ചാണ് ഹെലികോപ്ടര്‍ കാണാതാവുന്നത്. ഹെലികോപ്ടര്‍ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് കാണാതായ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്.
മോസ്‌കോയില്‍ നിന്നും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുമുള്ള വിനോദസഞ്ചാരികളാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്ടര്‍ റഷ്യയിലെ കംചത്കയില്‍ തകര്‍ന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ കംചത്ക മോസ്‌കോയില്‍ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്‌കയില്‍ നിന്ന് 2,000 കിലോമീറ്റര്‍ പടിഞ്ഞാറുമായാണ് സ്ഥിതി ചെയ്യുന്നത്.