TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തിലെ എഴുത്തുകാര്‍ സാംസ്‌കാരിക നായകരല്ലെന്ന് ആനന്ദ്

12 Jan 2025   |   1 min Read
TMJ News Desk

കേരളത്തില്‍ എഴുത്തുകാരെ സാംസ്‌കാരിക നായകരെന്ന് പറയുമെങ്കിലും സത്യത്തില്‍ അവര്‍ സാംസ്‌കാരിക നായകരൊന്നുമല്ലെന്ന് എഴുത്തുകാരനായ ആനന്ദ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

കേരളത്തില്‍ എഴുത്തുകാരുടെ സ്വാധീനം കുറയുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്‌കാരത്തെ ചലിപ്പിക്കുന്നത് എഴുത്തുകാരല്ലെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

നീതിക്കുവേണ്ടി ദാഹിക്കുന്നവരാണ് അത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാര്‍ അവിടവിടെ ഒരു നട്ടും ബോള്‍ട്ടും തിരിക്കുന്നുണ്ടാകും. അത്രയേയുള്ളൂ. സമൂഹത്തില്‍ അവര്‍ക്ക് കാര്യമായ സ്വാധീനമൊന്നുമില്ല. ചരിത്രത്തില്‍, നീതിക്കുവേണ്ടിയുള്ള ദാഹം വലുതായിവരുന്നു. സ്ത്രീകളെ അടിമകളാക്കി വയ്ക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കുന്ന സമ്പ്രദായമെല്ലാം മാറി. ഇപ്പോള്‍ മനുസ്മൃതി വേണമെന്ന് ആരും പറയില്ല. സതി വേണമെന്നും പറയില്ല. സംസ്‌കാരം എന്ന യാത്രയില്‍ വന്ന മാറ്റമാണിതെന്നും എപ്പോഴും മനുഷ്യനാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ജനാധിപത്യത്തിന് സത്ത ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം എന്നാല്‍, ഭരണകൂടത്തിന്റെ നടപടികളില്‍ ജനങ്ങളുടെ ഇടപെടലാണ്. ഇപ്പോള്‍ അതില്ല. ഇപ്പോഴത്തെ രാഷ്ട്രീയം വളരെ മോശമായി. നമ്മള്‍ വോട്ടു ചെയ്യുന്നു. അതുകഴിഞ്ഞ്, ആ ആള്‍ നേരെ എതിര്‍പാര്‍ട്ടിയില്‍ പോകുന്നു. അത് വഞ്ചനയാണ്. ആ വഞ്ചന നമ്മള്‍ അംഗീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വലിയൊരു പ്രതീക്ഷയായി വന്ന ആം ആദ്മി പാര്‍ട്ടി പ്രതീക്ഷ നഷ്ടപ്പെടുത്തിയെന്നും മറ്റ് രാഷ്ട്രീയപാര്‍ട്ടികളെ പോലെയായിയെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment