
മെക്സികോയിലെ കാടുകള്‍ക്കുള്ളില്‍ നിന്നും പുരാതന നഗരം കണ്ടെത്തി
മായന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പായ മഹാനഗരമാണ് മെക്സിക്കോയിലെ കനോപി കാടുകളില്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയത്. മരങ്ങള്‍ക്കും മണ്ണിനുമടിയിലായിപ്പോയ ഏകദേശം 16.6 ചതുരശ്ര കിലോമീറ്ററുള്ള നഗരത്തിന് 'വലേറിയാന' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ മായന്‍ സംസ്‌കാര അവശേഷിപ്പുകളില്‍ വലുപ്പത്തില്‍ രണ്ടാംസ്ഥാനമാണ് വലേറിയാനയ്ക്ക്.
മരങ്ങള്‍ക്കും മണ്ണിനുമടിയിലായിപ്പോയ ഘടനകള്‍ കണ്ടെത്തുന്നതിനുള്ള ലിഡാര്‍ പരിശോധന ഉപയോഗിച്ചായിരുന്നു മായന്‍ അവശേഷിപ്പുകളുടെ പുതിയ കണ്ടെത്തല്‍. സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബര്‍ഗിനോളം വലുപ്പം വരുന്നതാണ് പുതുതായി കണ്ടെത്തിയ നഗരം. ഒരു തലസ്ഥാന നഗരത്തിന്റെ എല്ലാ സവിശേഷതകളും ഈ പൗരാണിക നഗരത്തിനുണ്ട്. മായന്‍ പാരമ്പര്യമുള്ള ജനവിഭാഗം ഇപ്പോള്‍ കൂടുതലായി കഴിയുന്ന ഷിപുല്‍ മേഖലയില്‍ നിന്ന് 15 മിനുട്ട് ദൂരം മാത്രമാണ് ഇവിടേക്കുള്ളത്.
എഡി 750-നും 850-നുമിടയില്‍ സജീവമായിരുന്ന, അരലക്ഷം പേരോളം താമസിച്ചിരുന്ന പുരാതന നഗരമാണ് കണ്ടെത്തിയിരിക്കുന്നത്. ആരാധനാ കേന്ദ്രങ്ങള്‍, ജലസംഭരണികള്‍ തുടങ്ങി ഏകദേശം 6764 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വലേറിയാനയിലുണ്ട്. സംസ്‌കാരികമായി സമ്പന്നമായിരുന്ന ഈ നഗരം പെട്ടെന്ന് നശിക്കാന്‍ കാരണം വരള്‍ച്ചയാകാമെന്നാണ് ഗവേഷകരുടെ നിഗമനം.