TMJ
searchnav-menu
post-thumbnail

TMJ Daily

ആഞ്ജലീന ജൂലിയും ബ്രാഡ് പിറ്റും വിവാഹമോചന കരാറിലെത്തി

31 Dec 2024   |   1 min Read
TMJ News Desk

ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജൂലിയും ബ്രാഡ് പിറ്റും എട്ടുവര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം വിവാഹമോചന കരാറില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 30നാണ് ഇരുവരും തമ്മില്‍ കരാറിലെത്തിയത്. മാധ്യമങ്ങള്‍ ബ്രാഞ്ജലീന എന്ന് വിളിപ്പേരിട്ട ഈ സെലിബ്രിറ്റി ദമ്പതികള്‍ 2014ല്‍ ആണ് വിവാഹിതരായത്, ആറ് മക്കളുണ്ട്. 2016ലാണ് ജൂലി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ആ വര്‍ഷം ഒരു സ്വകാര്യ ജെറ്റ് വിമാനത്തില്‍ വച്ച് ജൂലിയോടും രണ്ട് മക്കളോടും പിറ്റ് മോശമായി പെരുമാറിയെന്ന് അവര്‍ ആരോപിച്ചിരുന്നു. ആ വര്‍ഷം തന്നെ ജൂലിയും മക്കളും പിറ്റില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിയമപരമായി സിംഗിള്‍ ആണെന്ന് ഇരുവരും 2019ല്‍ പ്രഖ്യാപിച്ചിരുന്നു. ഈ ആരോപണത്തിനുമേല്‍ പിറ്റിനെതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

പിറ്റ് തനിക്കെതിരെ പ്രതികാരേച്ഛയോടെ യുദ്ധം ചെയ്യുന്നുവെന്ന് ജൂലി ആരോപിക്കുമ്പോള്‍ തന്റെ ബിസിനസുകളെ ബോധപൂര്‍വം അട്ടിമറിക്കാന്‍ ജൂലി ശ്രമിക്കുന്നുവെന്ന് പിറ്റ് ആരോപിക്കുന്നു. വിവാഹ മോചന കരാറിലൂടെ ഇരുവരും തമ്മില്‍ ഫ്രാന്‍സിലുള്ള വൈന്‍യാര്‍ഡിന്റെ പേരിലുള്ള ദീര്‍ഘകാലമായുള്ള നിയമയുദ്ധം അവസാനിച്ചോയെന്ന് വ്യക്തമല്ല. ഇരുവരും ചേര്‍ന്ന് 2008ല്‍ 25 മില്ല്യണ്‍ യൂറോയ്ക്ക് വാങ്ങിയതാണ് ഈ വൈന്‍യാര്‍ഡ്. അവിടെ വച്ചാണ് ഇരുവരുടേയും വിവാഹനം നടന്നത്.

ഈ വൈന്‍യാര്‍ഡില്‍ ജൂലിക്കുണ്ടായിരുന്ന ഓഹരി അവര്‍ റഷ്യന്‍ ബിസിനസുകാരനായ യൂറി ഷെഫ്‌ളറിന് തന്റെ അറിവില്ലാതെ വിറ്റുവെന്ന് 2022ല്‍ പിറ്റ് ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ ജൂലി പരസ്യപ്രതികരണം നടത്തിയിരുന്നില്ല. 2005ല്‍ മിസ്റ്റര്‍ ആന്റ് മിസിസ്സ് സ്മിത്ത് എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത്. പിറ്റിന്റെ രണ്ടാമത്തെ വിവാഹവും ജൂലിയുടെ മൂന്നാമത്തെ വിവാഹവും ആണിത്.




#Daily
Leave a comment