അനില്‍ ആന്റണി | PHOTO: PTI
അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി. പുതിയ കേന്ദ്ര ഭാരവാഹികളുടെ പട്ടികയിലാണ് അനില്‍ ഉള്‍പ്പെട്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 13 ദേശീയസെക്രട്ടറിമാരില്‍ ഒരാളായാണ് അനിലിന്റെ നിയമനം.
എപി അബ്ദുള്ളകുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായി തുടരും. പുതിയ ഭാരവാഹി പട്ടികയില്‍ കേരളത്തില്‍ നിന്നും മറ്റാരുമില്ല. 13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് ഭാരവാഹി പട്ടിക. തെലങ്കാന ബിജെപി മുന്‍ അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ബിഎല്‍ സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയായും തുടരും.
നേതൃത്വവുമായി തെറ്റി ബിജെപിയിലേക്ക്
കഴിഞ്ഞ ദിവസമാണ് അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേര്‍ന്നതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. മോദിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം അനില്‍ ആന്റണി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ ഇന്ത്യ അത്ഭുതകരമായ വളര്‍ച്ചയിലാണെന്നും അനില്‍ ട്വീറ്റില്‍ കുറിച്ചിരുന്നു. അനില്‍ ബിജെപി അംഗത്വം സ്വീകരിച്ചത് ഏപ്രില്‍ ആറിനാണ്. ഡല്‍ഹിയിലെ ബിജെപി ദശീയ ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി ബിജെപി നേതാക്കളായ വി മുരളീധരന്‍, പീയുഷ് ഗോയല്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം സ്വീകരിച്ചത്. ഇതിനു മുമ്പായി കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അനില്‍ ആന്റണി കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് അയച്ചിരുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സമൂഹ മാധ്യമ കോ-ഓര്‍ഡിനേറ്ററും ആയിരുന്നു അനില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റുകയും പദവികളെല്ലാം രാജി വെക്കുകയും ചെയ്തിരുന്നു. പിന്നീട് പല സന്ദര്‍ഭങ്ങളിലും ബിജെപി അനുകൂല നിലപാടുകളാണ് അനില്‍ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ ഇടംപിടിച്ചിരിക്കുന്നു.