
ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത്
ബിജെപി ഭരണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ അണ്ണാ ഹസാരെ മൗനം പാലിക്കുന്നു: ശിവസേന (യുബിടി) എംപി
2014 മുതല്‍ അധികാരത്തിലുള്ള ബിജെപി സര്‍ക്കാരുകളുടെ ക്രമക്കേടുകള്‍ക്കെതിരെ അണ്ണാഹസാരെ പ്രതികരിക്കുന്നില്ലെന്ന് ശിവസേന (യുബിടി) എംപിയായ സഞ്ജയ് റൗത്ത് ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധ പണത്തിലേക്ക് തിരിഞ്ഞത് കാരണമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി (എഎപി) തോറ്റതെന്ന് ഹസാരെ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് റൗത്ത് ഹസാരയ്‌ക്കെതിരെ പ്രസ്താവന ഇറക്കിയത്.
ചിലര്‍ അവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് കാര്യങ്ങളെ കാണുന്നതെന്ന് ഹസാരെ ശിവസേന (യുബിടി) നേതാവിന് മറുപടി നല്‍കി.
അണ്ണാ ഹസാരെയെ മഹാത്മാവാക്കിയത് അരവിന്ദ് കെജ്‌രിവാളും മനിഷ് സിസോദിയയുമാണെന്ന് റൗത്ത് പറഞ്ഞു. അവരില്ലാതെ ഹസാരെയ്ക്ക് ഡല്‍ഹി കാണാനോ രാം ലീലയും ജന്തര്‍ മന്ദിറും സന്ദര്‍ശിക്കാനോ സാധിക്കുകയില്ലെന്ന് റൗത്ത് പറഞ്ഞു.
2014നുശേഷം ബിജെപി ഭരിക്കുന്ന കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ക്രമക്കേടുകള്‍ ധാരാളം നടന്നുവെങ്കിലും അണ്ണാ ഹസ്സാരെ അതിനെതിരെ ഒരു വാക്കുപോലും മിണ്ടിയില്ലെന്ന് റൗത്ത് പറഞ്ഞു.
ഒരാള്‍ ധരിക്കുന്ന കണ്ണടയുടെ നിറം അനുസരിച്ചാണ് ലോകത്തെ കാണുന്നതെന്ന് ഹസാരെ പ്രതികരിച്ചു.
കെജ്‌രിവാള്‍ മദ്യത്തില്‍ മാത്രം ശ്രദ്ധിച്ചുവെന്നും ജനങ്ങളെ സേവിക്കാന്‍ മറന്നുവെന്നും ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി തോറ്റതിനുശേഷം ഹസാരെ പറഞ്ഞിരുന്നു.