
അണ്ണാ സര്‍വകലാശാലയിലെ പീഡനം: അന്വേഷണത്തിന് വനിത ഐപിഎസുകാരുടെ പ്രത്യേകസംഘം
അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസും ഈ കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് സൈബര്‍ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും അന്വേഷിക്കുന്നതിനായി ചെന്നൈ ഹൈക്കോടതിയുടെ ക്രിസ്മസ് അവധിക്കാല ബഞ്ച് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തെ രൂപീകരിച്ചു. ബുഖ്യ സ്‌നേഹ പ്രിയ, അയ്മന്‍ ജമാല്‍, എസ് ബൃന്ദ എന്നിവരാണ് സംഘാംഗങ്ങള്‍.
എഫ്‌ഐആര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഇരയുടെ പേരും വിലാസവും ഫോണ്‍ നമ്പരും അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഇത് ഇരയ്ക്ക് ഉണ്ടാക്കിയ മാനസിക വ്യഥയ്ക്കും അപമാനത്തിനും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ, ഈ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫീസ് ഈടാക്കരുതെന്ന് അണ്ണാ സര്‍വകലാശാലയോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ, പഠനം തുടരുന്നതിനായുള്ള കൗണ്‍സിലിങ് നല്‍കാനും കോടതി ആവശ്യപ്പെട്ടു.
അന്വേഷണം പ്രാരംഭഘട്ടത്തില്‍ നില്‍ക്കവേ വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ഗ്രേറ്റര്‍ ചെന്നൈ കമ്മീഷണര്‍ എ അരുണിനെതിരെയും അന്വേഷണം നടത്തി ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
എഫ്‌ഐആര്‍ ചോര്‍ന്നത് സാങ്കേതിക പ്രശ്‌നം മൂലമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊലീസ് വകുപ്പിന് യാതൊരു ഉത്തരവാദിത്വവുമില്ല. എല്ലാ എഫ്‌ഐആറുകളും ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റുവര്‍ക്ക ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍എസ്) പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയാണ് പതിവെന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതില്‍ നിന്നും ചിലത് ബ്ലോക്ക് ചെയ്യാറുണ്ടെന്നും കോടതിയെ അറിയിച്ചു.
ഐപിസിയില്‍ നിന്നും ഭാരതീയ ന്യായ സംഹിതയിലേക്ക് മാറുന്നത് മൂലമുള്ള സാങ്കേതിക പ്രശ്‍നം നിലനില്‍ക്കുന്നുവെന്നും എഫ്‌ഐആര്‍ ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് 14 പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.


