ഗഗന്‍യാന്‍ യാത്രികരെ പ്രഖ്യാപിച്ചു, ഗ്രൂപ്പ് ക്യാപ്റ്റന്‍ മലയാളി
ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിലെ മലയാളി അടക്കമുള്ള സംഘത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദൗത്യത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായി പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഉണ്ടാകും. അജിത് കൃഷ്ണ, അംഗദ് പ്രതാപ്, ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റ് അംഗങ്ങള്‍. ദൗത്യത്തിനു തയ്യാറെടുക്കുന്ന നാല് ടെസ്റ്റ് പൈലറ്റുമാരുടെ പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിഎസ്എസ്‌സില്‍ വച്ചാണ് പ്രഖ്യാപിച്ചത്.
നാല് യാത്രികരും നേരത്തെതന്നെ വിഎസ്എസ്‌സില്‍ എത്തിയിരുന്നു. ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നരവര്‍ഷത്തെ റഷ്യന്‍ പരിശീലനവും പിന്നീട് ഐഎസ്ആര്‍ഒ പരിശീലനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ദൗത്യത്തിനൊരുങ്ങുന്നത്. സുക്കോയ് യുദ്ധവിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത്. നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലെ പഠനത്തിന് ശേഷം പ്രശാന്ത് 1999ല്‍ കമ്മിഷന്‍ഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
ഗഗന്‍യാന്‍ ദൗത്യം 2025ല്‍
മൂന്ന് ദിവസംകൊണ്ട് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2025 ല്‍ നടപ്പിലാക്കാനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്.
റഷ്യയിലെ പരിശീലനത്തിന് ശേഷം ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്ററില്‍ സംഘം പരിശീലനം നേടുകയായിരുന്നു. 2020 ല്‍ ബഹിരാകാശ യാത്രയ്ക്കുവേണ്ടി തിരഞ്ഞെടുത്ത നാല് യുദ്ധവിമാന പൈലറ്റുമാരെയും ഏതു വെല്ലുവിളികളും നേരിടാന്‍ സമര്‍ത്ഥരാക്കിക്കൊണ്ടാണ് ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.