TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിനെതിരെ വീണ്ടും വധശ്രമം

16 Sep 2024   |   1 min Read
TMJ News Desk

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടുമൊരു വധശ്രമം നടന്നതായി സംശയിക്കുന്നു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോൾഫ് ക്ലബ്ബിനടുത്താണ് സംഭവമുണ്ടായതെന്ന് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസി എഫ്ബിഐ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന 58 കാരനെ പിന്നീട്‌ കസ്റ്റഡിയിൽ എടുത്തു.

ട്രംപ് ഗോൾഫ് കളിച്ചു കൊണ്ടിരിക്കുന്നതിന്റെ ഏകദേശം 400-500 അടി അകലെയുള്ള ചെടികൾക്കിടയിലൂടെ ഒരു ak-47 തോക്കിന്റെ ബാരൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കാണാനിടയായി. വെടിയുതിർത്ത ഉടനെ സംശയിക്കപ്പെടുന്ന വ്യക്തി ഒരു SUV വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. തോക്കും, രണ്ടു ബാക്ക്പാക്കുകളും ഒരു ക്യാമറയും ഉപേക്ഷിച്ചിട്ടാണ് സംശയിക്കപ്പെടുന്ന വ്യക്തി ഓടിപ്പോയത്. റിയാൻ വെസ്‌ലി റൂത് എന്നാണ് ഇയാളുടെ പേരെന്ന് വാർത്ത ഏജൻസിയായ എപി ഒരു റിപ്പോർട്ടിൽ പറഞ്ഞു. ഇദ്ദേഹം യുക്രെയിനെ പിന്തുണക്കുന്ന വ്യക്തിയാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

താൻ സുരക്ഷിതനാണെന്നും കുഴപ്പമൊന്നുമില്ലെന്നും തന്നെ പിന്തുണക്കുന്നവരോട് ഒരു ഇമെയിൽ സന്ദേശത്തിലൂടെ ട്രംപ് പറഞ്ഞു. രണ്ടാം തവണയാണ് ട്രംപിന് നേരെ ഈ തിരഞ്ഞെടുപ്പ് സീസണിൽ ആക്രമണ ശ്രമം ഉണ്ടാവുന്നത്.  

ജൂലൈ 13 ന് പെൻസിൽവാനിയയിലെ ബട്ളർ പ്രദേശത്തു വച്ച് ട്രംപിന് നേരെ ഒരു യുവാവ് വെടിയുതിർത്തിരുന്നു. അന്ന് വെടിയുണ്ട അദ്ദേഹത്തിന്റെ ചെവിയിൽ തട്ടി ചെറിയ മുറിവുണ്ടായതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ല. 20 കാരനായ തോമസ് മാത്യു ക്രൂക്സ് എന്ന യുവാവാണ് അന്ന് വെടിയുതിർത്തത്.  സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ അദ്ദേഹം കൊല്ലപ്പെട്ടു.


#Daily
Leave a comment